മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്: തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
മട്ടന്നൂര്‍: നഗരസഭയിലേക്ക് നാളെ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏതെങ്കിലുമൊരു തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നു വോട്ടെടുപ്പ് തീയതിക്കും ആറുമാസം മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.
പ്രവാസി വോട്ടര്‍മാര്‍ അവര്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ നല്‍കിയ പാസ്‌പോര്‍ട്ടിന്റെ അസ്സല്‍ തിരിച്ചറിയല്‍ രേഖയായി കൊണ്ടുവരണം.
ശാരീരിക അവശതയുള്ളവര്‍ക്ക് വരിയില്‍ നില്‍ക്കാതെ ബൂത്തിലേക്ക് പ്രവേശിക്കാം. അന്ധത മൂലമോ മറ്റു ശാരീരിക അവശതമൂലമോ സമ്മതിദായകന് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ബാലറ്റു യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ വോട്ടു ചെയ്യുന്നതിനുള്ള ബട്ടണ്‍ അമര്‍ത്തി വോട്ടു ചെയ്യുന്നതിനോ പരസഹായം ആവശ്യമുണ്ടെന്ന് പ്രിസൈഡിങ് ഓഫിസര്‍ക്ക് ബോധ്യമായാല്‍ വ്യക്തിയുടെ ആഗ്രഹത്തിനനുസരിച്ച് വോട്ടു രേഖപ്പെടുത്തുന്നതിന് 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള ഒരു സഹായിയെ വോട്ട് ചെയ്യുന്നിടത്തേക്ക് കൊണ്ടുപോവാന്‍ അനുവദിക്കാം.
എന്നാല്‍ സമ്മതിദായകനു വേണ്ടി, സഹായി ഒരു പ്രഖ്യാപനം നിര്‍ദിഷ്ട ഫോറത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ക്ക് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."