യു.പിയില്‍ നഷ്ടപരിഹാരം അടയ്ക്കാന്‍ സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്കും നോട്ടിസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരക്കാരെ നേരിടുന്നതിന്റെ ഭാഗമായി ലക്ഷങ്ങള്‍ സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ നോട്ടിസ് ലഭിച്ചവരില്‍ 57കാരനായ ഡോക്ടറും ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും വേണ്ടി രണ്ടു സ്‌കൂള്‍ നടത്തുന്ന 56കാരനായ സാമൂഹ്യപ്രവര്‍ത്തകനും. ഇവരില്‍ പലരും സമരത്തില്‍ പങ്കെടുത്തിട്ടില്ല. സമരക്കാര്‍ വസ്തുവകകള്‍ കേടുവരുത്തിയെന്നും അതിനാല്‍ 15.35 ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നുമാണ് നോട്ടിസ് ലഭിച്ചിരിക്കുന്നത്. നോട്ടിസ് ലഭിച്ചവരിലൊരാള്‍ പഞ്ചര്‍കട നടത്തുന്ന പ്രാദേശിക രാഷ്ട്രീയക്കാരനാണ്. മറ്റൊരാള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നയാളും. ഡിസംബര്‍ 19ന് നടന്ന സമരവുമായി ബന്ധപ്പെട്ട് മീററ്റിലെ സാംബാലില്‍ 59 മുസ്‌ലിംകള്‍ക്കാണ് സര്‍ക്കാര്‍ തിരഞ്ഞ് പിടിച്ച് നോട്ടിസ് അയച്ചിരിക്കുന്നത്. പണമടക്കില്ലെന്നും കോടതിയില്‍ കാണാമെന്നുമുള്ള നിലപാടിലാണ് നോട്ടിസ് ലഭിച്ചവര്‍.
സാമൂഹ്യ പ്രവര്‍ത്തകനായ മുഷിര്‍ ഖാന്‍ നാട്ടില്‍ കോള്‍ഡ് സ്‌റ്റോറേജ് നടത്തുന്നയാളാണ്. 225 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന രണ്ടു സ്‌കൂളുകളും നടത്തുന്നുണ്ട്. ഭരണഘടനാ അവകാശങ്ങള്‍ക്കായി സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണോ ഇതിലൂടെ നല്‍കുന്നതെന്ന് മുഷിര്‍ഖാന്‍ ചോദിക്കുന്നു. മായാവതി സര്‍ക്കാരിനെതിരേ തങ്ങള്‍ 14 സമരം നടത്തിയിട്ടുണ്ട്. 7000 പേര്‍ പങ്കെടുത്തിട്ടും ഒരു അക്രമവും ഉണ്ടായിട്ടില്ല. ഡിസംബര്‍ 19ന് പ്രതിഷേധം തീരുമാനിച്ചെങ്കിലും അധികൃതര്‍ അനുമതി നല്‍കിയില്ല. അതോടെ സമരം വേണ്ടെന്നുവയ്ക്കുകയും ചെയ്തു. ചെയ്യാത്ത സമരത്തിനാണ് പൊതുമുതല്‍ കേടുവരുത്തിയതിന് നഷ്ടപരിഹാരം ചോദിക്കുന്നത്. നോട്ടിസ് ലഭിച്ച 57കാരനായ ആയുര്‍വേദ ഡോക്ടര്‍ നിസാം സര്‍ക്കാര്‍ വിദ്യാഭ്യാസമുള്ളവരെ തിരഞ്ഞ് പിടിച്ച് നോട്ടിസ് അയക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. ഒരു അക്രമ സമരത്തിലും താന്‍ പങ്കെടുത്തിട്ടില്ലെന്ന് നിസാം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."