വിദേശികൾക്കുള്ള ലെവി പ്രത്യാഘാതങ്ങളെ കുറിച്ച് മന്ത്രാലയം വിശദമായി പഠിക്കണമെന്ന് ശൂറാ കൗൺസിൽ
ജിദ്ദ: സഊദിയിൽ വിദേശികൾക്ക് ബാധകമാക്കിയ ലെവി സാമ്പത്തിക, സാമൂഹിക തലങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വിശദമായി പഠിക്കണമെന്ന് ശൂറാ കൗൺസിൽ അംഗങ്ങൾ.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ നടന്ന ചർച്ചക്കിടെയാണ് കൗൺസിൽ അംഗങ്ങൾ ഈയാവശ്യമുന്നയിച്ചത്.
തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് അനുയോജ്യമായ പോംവഴികൾ മന്ത്രാലയം തയാറാക്കണമെന്നും സ്വകാര്യ മേഖലയിൽ സ്വദേശികളുടെ നില മെച്ചപ്പെടുത്തുന്നതിന് കൂടുതൽ പ്രയത്‌നങ്ങൾ നടത്തണമെന്നും ഉന്നത പദവികളിൽ സഊദികളെ നിയമിക്കുന്നതിന് പിന്തുണ നൽകണമെന്നും മിനിമം വേതനം ഉയർത്തണമെന്നും ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിന് സഊദി യുവാക്കളെ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യമുയർന്നു.
സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിൽ സഊദിവൽക്കരണം പത്തു വർഷത്തിനുള്ളിൽ 80 ശതമാനമായി ഉയർത്തുന്നതിനുള്ള പദ്ധതി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച് പ്രഖ്യാപിക്കണമെന്ന് ഡോ. ഫഹദ് ബിൻ ജുംഅ ആവശ്യപ്പെട്ടു. തൊഴിൽ വിപണിയിൽ വേതനങ്ങൾ തമ്മിലെ അന്തരം കുറക്കുന്നത് തൊഴിലില്ലായ്മാ നിരക്ക് കുറക്കുന്നതിന് സഹായകമാകുമെന്ന് ഡോ. മുഹമ്മദ് ആലുഅബ്ബാസ് അഭിപ്രായപ്പെട്ടു. ഉന്നത തസ്തികകളിൽ സഊദിവൽക്കരണം വർധിപ്പിച്ചും മിനിമം വേതനം ഉയർത്തിയും സ്വകാര്യ മേഖലയിൽ സ്വദേശികളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് മന്ത്രാലയം കൂടുതൽ പ്രയത്‌നങ്ങൾ നടത്തണമെന്ന് ഡോ. സാമിയ ബുഖാരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."