തോല്‍പ്പെട്ടി തോമസ് വധക്കേസ്; നാലാം പ്രതി പിടിയില്‍
മാനന്തവാടി: തോല്‍പ്പെട്ടി അരണപ്പാറയിലെ ജീപ്പ് ഡ്രൈവര്‍ വാകേരി തോമസ് (ഷിമി 28)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ഗൂഡാലോചനയില്‍ പങ്കാളിയായ അരണപ്പാറ ചേലക്കോടന്‍ ഷാഹുല്‍ ഹമീദ് (37) നെയാണ് തിരുനെല്ലി പൊലിസ് അറസ്റ്റ് ചെയ്തത്. കൊലപാതകകേസില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഗൂഡാലോചനയില്‍ പങ്കാളിയാകുകയും ക്വട്ടേഷന്‍ നല്‍കുകയും ചെയ്തത് ഇയാളാണെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു.
കേസിലെ മറ്റ് പ്രതികളായ അരണപ്പാറ പരിത്തിപള്ളിയില്‍ ലിനു മാത്യു, വാകേരി വി.ഡി പ്രജീഷ് എന്ന ഗുണ്ടു, മണാട്ടില്‍ എം.എ നിസാര്‍ എന്നിവരെ പൊലിസ് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. 2016 ഒക്ടോബര്‍ 15ന് രാവിലെയാണ് അരണപ്പാറയില്‍ വനത്തോട് ചേര്‍ന്ന് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. വന്യമൃശല്യം രൂക്ഷമായ പ്രദേശമായതിനാല്‍ കാട്ടാനയുടെ ആക്രമണത്തിലാണ് മരിച്ചതെന്നായിരുന്നു നാട്ടുകാരുടെ നിഗമനം. ഇങ്ങനെ വരുത്താന്‍ പ്രതികള്‍ ബോധപൂര്‍വം ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടന്ന പൊലിസ് അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച കമ്പിപ്പാരയും കൊലപാതക സാധ്യതകളിലേക്ക് ആദ്യമേ വിരല്‍ ചൂണ്ടിയിരുന്നു. കൂടാതെ കൊല്ലപ്പെട്ട തോമസിന്റെ ഫോണ്‍ കാണാതായത് പൊലിസിന്റെ സംശയം ഇരട്ടിപ്പിച്ചു. ഇന്‍ക്വസ്റ്റ് തയ്യാറാക്കുമ്പോള്‍ പരിസരത്ത് ഇല്ലാതിരുന്ന പ്രദേശവാസികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഇവരെ മണിക്കൂറുകള്‍ക്കകം വലയിലാക്കുകയും ചെയ്തു. തോമസിനോടുള്ള പ്രതികളുടെ മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി പൊലിസ് ഇന്‍സ്‌പെക്ടറായിരുന്ന ടി.എന്‍ സജീവ് വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്ക് പലപ്പോഴായി വിവിധ കാരണങ്ങളാല്‍ തോമസിനോട് ഉണ്ടായിരുന്ന വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നാം പ്രതി ലിനു, തോമസിന്റെ ബന്ധുവായിരുന്നു. ലിനുവിനെ തോമസ് നേരത്തെ മര്‍ദിച്ചിരുന്നതും ലിനു കള്ളനാണെന്ന് പറഞ്ഞതും പ്രതികാരത്തിനിടയാക്കി. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. പ്രജീഷിന്റെ പിതാവ് ദേവശന്‍ ചെട്ടിയെ തോമസ് മര്‍ദിച്ചതിനാല്‍ കാഴ്ച ശക്തി നഷ്ടപ്പെടുകയും പിന്നീട് ദേവശന്‍ ചെട്ടി ആത്മഹത്യചെയ്യുകയുമുണ്ടായി. ഇത് പ്രജീഷില്‍ പ്രതികാരം വളര്‍ത്തി. നാലാം പ്രതിയും കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തതുമായ ഷാഹുല്‍ ഹമീദിന്റെ ജീപ്പിലെ ഡ്രൈവറായിരുന്നു തോമസ്. സാമ്പത്തിക ബാധ്യത വന്നതിനാല്‍ തോമസിനെ ജോലിയില്‍ നിന്നും മാറ്റി. ഇതേ തുടര്‍ന്ന് തോമസ് അപവാദ പ്രാചാരണം നടത്തിയത് ഷാഹുലിനെ ചൊടിപ്പിച്ചു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് ഫോണ്‍വഴി നിര്‍ദേശം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലിസ് പറയുന്നത്. മൂന്നാം പ്രതിയായ നിസാര്‍ സാമ്പത്തിക നേട്ടത്തിന് കൊലപാതകത്തില്‍ പങ്കാളിയാവുകയായിരുന്നു. തോമസിനെ കൊലപ്പെടുത്താന്‍ സഹായിച്ചാല്‍ ഷാഹുല്‍ തുടങ്ങുന്ന ഫാമില്‍ ജോലി നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നതായും പൊലിസ് വ്യക്തമാക്കി.ഒക്ടോബര്‍ 14ന് രാത്രി ഒമ്പതരയോടെ തോമസ് വീട്ടിലേക്ക് പോകുമ്പോള്‍ സൗഹൃദം നടിച്ചെത്തിയ സംഘം മദ്യപിക്കാനായി കൂട്ടി സമീപത്തുള്ള കാട്ടിലേക്ക് പോകുകയും മദ്യപിച്ചതിനു ശേഷം ലിനു കൈയില്‍ കരുതിയ കമ്പിവടികൊണ്ട് തോമസിനെ തലയ്ക്കടിക്കുകയുമായിരുന്നു. നിസാറും പ്രജീഷും തോര്‍ത്തു കൊണ്ട് കുഴുത്ത് മുറുക്കി കൊന്നതായാണ് കേസില്‍ പറയുന്നത്. തുടര്‍ന്ന് മൃതദേഹം ആനയിറങ്ങുന്ന വഴിയില്‍ കൊണ്ടിട്ട് രക്ഷപ്പെടുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിലാണ് തോമസ് കൊല്ലപ്പെട്ടതെന്ന് കരുതി നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വെക്കുയും റോഡ് ഉപരോധിക്കുയും ചെയ്തിരുന്നു. മാനന്തവാടി എ.എസ്.പി ജയദേവിന്റെ മേല്‍നോട്ടത്തില്‍ സി.ഐ ടി.എന്‍ സജീവനാണ് കേസന്വേഷിച്ചത്. എ.എസ്.ഐ അജിത്കുമാര്‍, ഉസ്മാന്‍, ഹക്കിം എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഷാഹുല്‍ ഹമീദിനെ കോടതി റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ ഏറ്റുവാങ്ങുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."