ഭാര്യ - ഭര്‍തൃ ക്വട്ടേഷന്‍: മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 35 പേര്‍
ഹംസ ആലുങ്ങല്‍
കോഴിക്കോട്: ഭര്‍ത്താവിനെതിരേ ഭാര്യയും ഭാര്യക്കെതിരേ ഭര്‍ത്താവും ക്വട്ടേഷന്‍ നല്‍കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ജീവിതത്തിലെ മൂല്യച്യുതി, കുടുംബ ബന്ധങ്ങളിലെ തകര്‍ച്ച, തന്നിഷ്ട ജീവിതം തുടരാനുള്ള തടസങ്ങള്‍ ഇല്ലാതാക്കല്‍ തുടങ്ങിയവയൊക്കെയാണ് ക്വട്ടേഷനുകളിലൂടെ ഇവര്‍ ലക്ഷ്യമാക്കുന്നത്. ശത്രുവിനെ ഭീഷണിപ്പെടുത്തുകയോ ഉന്മൂലനം ചെയ്യുകയോ ആണ് ലക്ഷ്യമെങ്കിലും നാടിനെ നടുക്കിയ ഇരുപതിലേറെ കേസുകളാണ് മൂന്നു മാസത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കൊല്ലപ്പെട്ടത് 35 ഭാര്യാ ഭര്‍ത്താക്കന്‍മാരാണ്. ഇരുപതോളം കേസുകളില്‍ പ്രതികള്‍ ഭാര്യമാരായിരുന്നു. കൂട്ടു പ്രതികള്‍ കാമുകനും കൂട്ടാളികളും തന്നെ.
ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ സംശയങ്ങളുമായി ജീവിക്കുന്നവര്‍ നിരവധിയാണ്. ചാരിത്ര്യത്തിലെ സംശയമാണ് വലിയ വില്ലന്‍. ഇതിന്റെ കാരണങ്ങളറിയാന്‍ പ്രൈവറ്റ് ഡിറ്റക്ടീവുകളെയാണ് പലരും സമീപ്പിക്കുന്നത്. നേരായ വഴിക്കിത് കണ്ടെത്താന്‍ സാധിക്കാത്തതുകൊണ്ടും മാനക്കേടോര്‍ത്തും രഹസ്യമായാണ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത്. കോഴിക്കോട്ടെ പ്രൈവറ്റ് അന്വേഷണ ഏജന്‍സിയായ ക്രൈം ക്യൂവറില്‍ ഇത്തരത്തിലുള്ള ധാരാളം കേസുകള്‍ എത്തുന്നുണ്ട്. പലരുടേതും സംശയങ്ങള്‍ മാത്രമായിരിക്കും. ഇത്തരത്തിലുള്ള ആയിരക്കണക്കിനു പേരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ക്രൈം ക്യൂവറിന്റെ മുഖ്യ കാര്യദര്‍ശി റിട്ട.എസ്.പി എന്‍. സുഭാഷ് ബാബു സുപ്രഭാതത്തോട് പറഞ്ഞു. എന്നാല്‍ അടുത്ത കാലത്ത് നിരവധി കേസുകളാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. മലപ്പുറം താനൂരിലെ അഞ്ചുവടിയിലെ പൗറകത്ത് സവാദ് ദാരുണമായി കൊല്ലപ്പെട്ടത് ഭാര്യയും കാമുകനും ഒരുക്കിയ കൊടും ചതിയിലായിരുന്നു. ഒരുമിച്ച് ജീവിക്കാനായിരുന്നു ഭര്‍ത്താവിനെ സൗജത്തും കാമുകന്‍ ബഷീറും വകവരുത്തിയത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെയായിരുന്നു കഴുത്തറുത്തുള്ള കൊലപാതകം പ്ലാന്‍ ചെയ്ത് ഒക്ടോബര്‍ നാലിന് നടപ്പാക്കിയത്. ഇതേ ദിവസമാണ് മാനന്തവാടിയില്‍ മൂന്നുപേര്‍ സയനൈഡ് അകത്തുചെന്ന് മരിച്ചത്. കെണിയൊരുക്കിയത് ഭാര്യയുടെ രഹസ്യക്കാരനെ വീഴ്ത്താനായിരുന്നുവെങ്കിലും മരിച്ചു വീണത് മറ്റു മൂന്നുപേരായിരുന്നു. നിലമ്പൂര്‍ മൈലാടിയിലെ മുഹമ്മദലി, കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി (37), പിണറായിയിലെ കൂട്ടക്കൊലയും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച് മൂന്നാം നാള്‍ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു നിലമ്പൂരിലെ യുവതി. ഇതാണ് സംശയത്തിനിടയാക്കിയത്. തൃശൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ശ്രമിച്ച സംഭവത്തില്‍ കാമുകനും അഞ്ച് ക്വട്ടേഷന്‍ സംഘങ്ങളും അറസ്റ്റിലായത് ഒക്ടോബര്‍ 29നാണ്. എന്നാല്‍ ഭര്‍ത്താക്കന്‍മാരുടെ തിരക്കഥയില്‍ ഈ കാലയളവില്‍ പൊലിഞ്ഞത് 15 ലേറെ സ്ത്രീ ജീവിതങ്ങളായിരുന്നു. അവര്‍ പലപ്പോഴും കൊല നടപ്പാക്കുന്നത് തനിച്ചാണ്. കാരണങ്ങള്‍ പലതാകാം. കുടുംബത്തെ ഒന്നടങ്കം ചവിട്ടിയരച്ചും ഭാര്യയെ മാത്രം കൊലപ്പെടുത്തിയും ആസിഡ് ആക്രമണത്തിലൂടെയുമൊക്കെയാണ് ഭര്‍ത്താക്കന്‍മാര്‍ ക്രൂരത കാണിക്കുന്നത്. സംഭവത്തിന് പരിഹാരമുണ്ടാക്കാന്‍ മികച്ച ബോധവല്‍ക്കരണമാണ് വെണ്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."