പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന് ഐക്യമലയാള പ്രസ്ഥാനം
വടകര: കേരളത്തിലെ പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലും എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന സര്‍ക്കാരിനും പി.എസ്.സിക്കും ഭീമ ഹര്‍ജി നല്‍കാന്‍ ഒപ്പു ശേഖരണം നടത്തി.
ലോകഭാഷകളില്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ജനങ്ങളുടെ എണ്ണം കൊണ്ട് ഇരുപത്തിയാറാം സ്ഥാനത്തു നില്‍ക്കുന്ന ഭാഷയാണ് മലയാളം. ഇന്ത്യന്‍ ഭാഷകളില്‍ ഒരു സംസ്ഥാനത്ത് ഏറ്റവും അധികം ശതമാനം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയും മലയാളമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും മാതൃഭാഷയിലാണ് എല്ലാ പി.എസ്.സി പരീക്ഷകളും നടത്തുന്നത്.
എന്നാല്‍ കേരളത്തിലെ മിക്ക പി.എസ്.സി പരീക്ഷകളുടെയും മാധ്യമം ഇംഗ്ലീഷ് മാത്രമാണ്. ഭരണഭാഷ മലയാളമായി പ്രഖ്യാപിച്ചിട്ടുള്ള കേരളത്തിലാണ് ഈ അനീതി നടക്കുന്നതെന്ന് ഐക്യമലയാള പ്രസ്ഥാനം ആരോപിച്ചു. യു.പി.എസ്.സി നടത്തുന്ന ഐ.എ.എസ്, ഐ.പി.എസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മലയാളമുള്‍പ്പടെയുള്ള ഇന്ത്യയിലെ സംസ്ഥാന ഔദ്യോഗിക ഭാഷകളില്‍ എഴുതാമെന്നാണ് നിയമം.
ഇക്കഴിഞ്ഞ സിവില്‍ സര്‍വിസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ മൂന്നാം റാങ്കു നേടിയ ഗോപാലകൃഷ്ണ റൊണാങ്കി മാതൃഭാഷയായ തെലുങ്കാണ് പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാധ്യമമായി തെരെഞ്ഞെടുത്തത്.
മലയാള മാധ്യമത്തിലും സിവില്‍ സര്‍വിസ് പരീക്ഷയെഴുതി ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പലരും യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ അഖിലേന്ത്യാതലത്തിലുള്ള അംഗീകാരംപോലും കേരളത്തില്‍ പി.എസ്.സി നല്‍കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
ഭരണവും തൊഴിലും സാധാരണക്കാര്‍ക്ക് പങ്കുള്ളതായിരിക്കുക എന്ന ജനാധിപത്യമൂല്യം അട്ടിമറിക്കുന്നതാണ് പി.എസ്.സിയുടെ നയം. ഈ നയം തിരുത്തണമെന്നും കേരളത്തിലെ എല്ലാ പി.എസ്.സി പരീക്ഷകളും മലയാള മാധ്യമത്തില്‍ എഴുതാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐക്യമലയാള പ്രസ്ഥാനം ഭീമ ഹര്‍ജി നല്‍കുന്നത്. ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം വടകര പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം സംസ്ഥാന കലോല്‍സവങ്ങളില്‍ മലയാളത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തി ശ്രദ്ധേയനായ വടയക്കണ്ടി നാരായണന്‍ നിര്‍വഹിച്ചു.
ഐക്യ മലയാള പ്രസ്ഥാനത്തിന്റെ സംസ്ഥാന നിര്‍വാഹക സമിതി അംഗം അഭിലാഷ് തിരുവോത്ത് അധ്യക്ഷനായി. എം.വി പ്രദീപ്, കെ. സുനില്‍, കെ.കെ ബാലകൃഷ്ണന്‍, അബ്ദുള്‍സമദ് എടവന, പി. രഞ്ജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."