ചക്കമഹോത്സവം: ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്
അമ്പലവയല്‍: ചക്കയുടെ ഉല്‍പാദനവും വിപണനവും ലക്ഷ്യമിട്ട് അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഈ മാസം ഒന്‍പത് മുതല്‍ 14 വരെ നടക്കുന്ന അന്തര്‍ദേശീയ ചക്കമഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായുള്ള ശില്‍പ്പശാലയില്‍ എട്ട് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.
ചക്കമഹോത്സവത്തിന്റെ ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പുമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.
ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍, മറ്റു മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കാര്‍ഷികോല്‍പാദന കമ്മിഷണര്‍, കാര്‍ഷിക സര്‍വകലാശാല പ്രതിനിധികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും കൗസില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച്, ഇന്റര്‍നാഷനല്‍ ട്രോപ്പിക്കല്‍ ഫ്രൂട്ട്‌സ് നെറ്റ്‌വര്‍ക്ക്, ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ്, ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ശില്‍പ്പശാല നടത്തുന്നത്. മലേഷ്യ, വിയറ്റ്‌നാം, ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ 17ലധികം ശാസ്ത്രജ്ഞര്‍ പ്രബന്ധം അവതരിപ്പിക്കും.
ചക്ക മഹോത്സവത്തിന്റെ നാലാം ദിവസമായ ഓഗസ്റ്റ് 12ന് രണ്ടായിരത്തോളം പേര്‍ക്ക് ചക്കയുടെ ഇരുപതോളം വിഭവങ്ങളടങ്ങിയ ചക്കസദ്യ ഒരുക്കും. വിവിധങ്ങളായ മത്സരങ്ങളും നടക്കും.
ചെറുകിട ചക്ക വ്യവസായങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന യന്ത്രങ്ങളുടെ അന്താരാഷ്ട്രതല പ്രദര്‍ശന മത്സരം നടത്തും. മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി രണ്ട് രക്ഷം രൂപയും രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 50000 രൂപയും നല്‍കും. ചക്ക വ്യവസായവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കാവുന്ന യന്ത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."