തെരുവുനായയുടെ കടിയേറ്റ് മൂന്നു പേര്‍ക്ക് പരുക്ക്
കാട്ടാക്കട: കിള്ളിയില്‍ തെരുവുനായയുടെ കടിയേറ്റ് വയോധികയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്. പുതുവയ്ക്കല്‍ മാങ്കോട്ടുകോണത്ത് സുമതി (70), വിജയദാസ് (45), അരുണ്‍ (32) എന്നിവര്‍ക്കാണ് വെള്ളിയാഴ്ച രാവിലെ തെരുവുനായയുടെ കടിയേറ്റത് ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
മാങ്കോട്ടുകോണത്ത് ഒരു വിവാഹവിരുന്നു സല്കാരം നടക്കുന്ന വീട്ടിലേക്കു പോകുന്നതിനിടെ വഴിയില്‍വച്ചാണ് സുമതിക്കു കടിയേറ്റത്. സുമതിയെ കടിച്ചശേഷം വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ നായ അവിടെ നില്‍ക്കുകയായിരുന്ന വിജയദാസിനെയും അരുണിനെയും ആക്രമിക്കുകയായിരുന്നു.
പ്രദേശത്ത് കുറച്ചുനാള്‍ മുന്‍പും തെരുവുനായ നാട്ടുകാരെ കടിച്ചിരുന്നു. ഈ ഭാഗത്ത് റോഡരികില്‍ സമീപത്തെ അറവുശാലകളില്‍നിന്നുള്ള ഇറച്ചിമാലിന്യങ്ങള്‍ തള്ളുന്നത് പതിവായതോടെയാണ് നായശല്യം രൂക്ഷമായത്. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിക്കാനും മാലിന്യം നീക്കംചെയ്യാനും പഞ്ചായത്തിന്റെ ശ്രദ്ധ ഉണ്ടാകുന്നില്ല.
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുന്നതായി പരാതി. ബസ് സ്റ്റാന്‍ഡ് ജങ്ഷന്, ആശുപത്രി ജങ്ഷന്, താലൂക്ക് ഓഫിസ് പരിസരം, റെയില്‍ വേസ്റ്റേഷന് പരിസരം, ടി.ബി മാര്‍ക്കറ്റ് ജങ്ഷന് എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് തെരിവുനായ്ക്കളുടെ കടിയേറ്റിരുന്നു. കൂട്ടമായി വരുന്ന നായ്ക്കള്‍ കാല്‍നട യാത്രികരെയാണ് ഏറെയും വളഞ്ഞിട്ട് ആക്രമിക്കുന്നത്. സ്ത്രീകളും കുട്ടികളും വയോധികരുമാണ് ഇവയുടെ ആക്രമണങ്ങള്‍ക്ക് ഏറെയും ഇരയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."