പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധവുമായി ഹിന്ദു സന്യാസിമാരും
മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ഗൂഢനീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സന്യാസിമാര്‍ പറഞ്ഞു
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ഹിന്ദു സന്യാസിമാരും രംഗത്ത്. പശ്ചിമ ബംഗാളില്‍ പശ്ചിം ബംഗാ സനാതന്‍ ബ്രാഹ്മണ് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള നൂറു കണക്കിന് സന്യാസിമാരാണ് പ്രതിഷേധവുമായി കൊല്‍ക്കത്തയിലെ മയോ റോഡിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഒത്തുകൂടിയത്.
ഇവരോടൊപ്പം തൃണമൂല്‍ പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ പ്രതിഷേധം ശക്തമായി.
മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ഗൂഢനീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രതിഷേധിച്ച സന്യാസിമാര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഒരു സമുദായത്തില്‍പ്പെട്ടവരെ മാത്രം ഒഴിവാക്കാനുള്ള ശ്രമമാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. അത് നിര്‍ഭാഗ്യകരമാണെന്നും സന്യാസിമാര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യം ഒന്നായി നിന്നാല്‍ മാത്രമാണ് സമാധാനം പുനസ്ഥാപിതമാകൂ. ഇന്നൊരു സമുദായത്തെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഇനി അത് ഏത് സമൂഹത്തെയും ആകാനുള്ള സാധ്യതകള്‍ തള്ളാനും സാധിക്കില്ലെന്ന് സന്യാസിമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."