വടക്കാഞ്ചേരി നഗരസഭക്ക് രണ്ടുകോടി അനുവദിച്ചു
വടക്കാഞ്ചേരി: നഗരസഭക്ക് വ്യവസായ സംരംഭത്തിനുള്ള കെട്ടിട സമുച്ചയം നിര്‍മിക്കാന്‍ വ്യവസായ വകുപ്പിന്റെ വിഹിതമായി രണ്ടു കോടി രൂപ അനുവദിച്ചു. അടുത്ത വര്‍ഷം 50 ലക്ഷം രൂപകൂടി അനുവദിക്കും.
അഞ്ചു കോടി രൂപ മുതല്‍ മുടക്കുള്ള പ്രോജക്ടില്‍ നഗരസഭ വിഹിതം രണ്ടരകോടി രൂപയാണ്.നഗരസഭയുടെ അധീനതയില്‍ കുമ്പളങ്ങാടുള്ള സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ 40000ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബഹുനില കെട്ടിട സമുച്ചയം നിര്‍മിക്കുക.
ഇന്റസ്ട്രിയല്‍ ലിഫ്റ്റ്, ഇന്റസ്ട്രിയല്‍ റാമ്പ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും കെട്ടിട സമുച്ചയത്തില്‍ ഉണ്ടാവും.
കേരളത്തില്‍ ആദ്യമായിട്ടാണ് വ്യസായ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനവും ചേര്‍ന്ന് ഇത്തരത്തിലുള്ള സംരംഭം ഏറ്റെടുത്തു നടത്തുന്നത്.നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും നഗരസഭയും സംയുക്തമായി പ്രത്യേക കമ്മിറ്റിയും രൂപീകരിക്കും.
കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ ആരംഭം മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് യോഗ്യരായ സംരംഭകര്‍ക്ക് നല്‍കുന്ന കാര്യത്തിലും സമയബന്ധിതമായി അറ്റകുറ്റപണികള്‍ നടത്തുന്നകാര്യത്തിലും നഗരസഭ വ്യവസായ വകുപ്പുമായി ധാരാണാ പത്രം ഒപ്പിടും.
കൂടാതെ നഗരസഭ വിഹിതം കണ്ടെത്തുന്നതിന് കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നും വായ്പ എടുക്കുന്നതിനും നഗരസഭ തീരുമാനിച്ചതായി നഗരസഭ അധ്യക്ഷ ശിവപ്രീയ സന്തോഷ്, ഉപാധ്യക്ഷന്‍ എം.ആര്‍.അനൂപ് കിഷോര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."