സി.പി.എം നിലപാടുകളോട് യോജിക്കാത്തവര്‍ക്ക് ജീവിക്കാനാവാത്ത സ്ഥിതി: അരുണ്‍ ജെയ്റ്റ്‌ലി
തിരുവനന്തപുരം: സി.പി.എം നിലപാടുകളോട് യോജിക്കാത്തവര്‍ക്ക് ജീവിക്കാനാവാത്ത സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ട സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഇല്ലാതാക്കുകയാണ്.
ശത്രുരാജ്യത്തെ പട്ടാളക്കാര്‍ പോലും ചെയ്യാത്ത ക്രൂരതയാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആര്‍.എസ്.എസ് ആശയങ്ങളില്‍ വിശ്വസിക്കുക മാത്രമാണ് രാജേഷ് ചെയ്തത്. രാജേഷ് ആരെയും കൊന്നിട്ടില്ല. എന്നിട്ടും രാജേഷിനോട് സി.പി.എം കാണിച്ച ക്രൂരത അംഗീകരിക്കാനാവില്ല. രാജേഷിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. സിനിമയിലോ മറ്റു പുസ്തകങ്ങളിലോ മാത്രമാണ് ഇത്രയും ക്രൂരമായ കൊലപാതകങ്ങള്‍ കണ്ടിരിക്കുന്നത്. ശരീരത്തില്‍ 82 മുറിവുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് കേരളം. കഠിനാധ്വാനം ചെയ്യുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. പക്ഷേ, അവര്‍ക്ക് ആവശ്യമായ തൊഴില്‍ ഇവിടെ ലഭിക്കുന്നില്ല. രാജ്യത്തിനു പുറത്തുപോയി കഷ്ടപ്പെട്ടു ജീവിക്കുകയാണ്. ഇത്രയും അവസരങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണു സര്‍ക്കാരിന് അതിന്റെ നേട്ടം ഉണ്ടാക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
രാവിലെ തിരുവനന്തപുരത്തെത്തിയ അരുണ്‍ ജെയ്റ്റ്‌ലിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എം.പിമാരായ നളിന്‍കുമാര്‍ കട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, ഒ. രാജഗോപാല്‍ എം.എല്‍.എ, വി. മുരളീധരന്‍, എം.ടി രമേശ്, പി.സി തോമസ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. തലസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി ആദ്യം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു. ഇതിനുശേഷമാണ് അനുസ്മരണ സമ്മേളനം നടത്തിയത്. തുടര്‍ന്ന് വൈകിട്ടോടെ സംഘര്‍ഷത്തില്‍ പരുക്കേറ്റ ജയപ്രകാശിന്റെ വീടും സന്ദര്‍ശിച്ചു. ശേഷം സി.പി.എം അക്രമങ്ങളില്‍ പരുക്കേറ്റവരുടെ സംഗമത്തിലും ജെയ്റ്റ്‌ലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."