വേഗമാനങ്ങളെ കീഴ്‌മേല്‍ മറിച്ചവന്‍
വേഗം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ജമൈക്കന്‍ അത്‌ലറ്റിക് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ വെങ്കല വിരാമം. 2002ല്‍ കിങ്സ്റ്റണില്‍ നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 200 മീറ്ററില്‍ സ്വര്‍ണം നേടി തുടങ്ങിയ കുതിപ്പിന് ലണ്ടനിലെ 100 മീറ്റര്‍ പോരാട്ടത്തിലെ വെങ്കല നേട്ടത്തോടെ അവസാനം കുറിപ്പിക്കുമ്പോള്‍ ഒരു മഴവില്‍ കാലത്തിന് കൂടിയാണ് യവനിക വീഴുന്നത്. അതിനിടെ എട്ട് ഒളിംപിക് സ്വര്‍ണവും 11 ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് സ്വര്‍ണവും. ഒപ്പം 100, 200 മീറ്ററുകളിലെ ലോക റെക്കോര്‍ഡും. 2009ലെ ബെര്‍ലിന്‍ ലോക ചാംപ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ 9.58 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷ് ചെയ്ത് ലോക റെക്കോര്‍ഡ് സ്ഥാപിച്ച് നാല് ദിവസത്തിന് ശേഷം അതേ മീറ്റില്‍ തന്നെ 19.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് 200 മീറ്ററിന്റെ റെക്കോര്‍ഡും തിരുത്തി ബോള്‍ട്ട് ലോകത്തെ അമ്പരപ്പിച്ചു. ഈ രണ്ട് റെക്കോര്‍ഡുകള്‍ ഇന്നും തിരുത്തപ്പെടാതെ നില്‍ക്കുന്നു. തീര്‍ന്നില്ല 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ബോള്‍ട്ടടങ്ങിയ ജമൈക്കന്‍ ടീം 4-100 മീറ്റര്‍ റിലേയില്‍ 36.84 സെക്കന്‍ഡില്‍ ഓടിയെത്തി സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തുകയുമുണ്ടായി.
9.60 സെക്കന്‍ഡില്‍ താഴെ 100 മീറ്റര്‍ താണ്ടിയ ലോകത്തിലെ ഏക മനുഷ്യനാണ് ബോള്‍ട്ട്. പ്രപഞ്ചത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഈ മികവിന്റെ തിളക്കം മറ്റൊന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു. അസാധ്യം എന്നൊരു വാക്കില്ലെന്ന വസ്തുത.
താന്‍ ജീവിച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നാണ് അതിന്റെ കഷ്ടപ്പാടുകളാണ് ബോള്‍ട്ടെന്ന കായിക താരത്തിന്റെ വളര്‍ച്ചയുടെ കാതല്‍. വെസ്റ്റിന്ത്യന്‍ ദ്വീപ് സമൂഹങ്ങളില്‍ ഉള്‍പ്പെട്ട ജമൈക്കയില്‍ നിന്ന് വരുന്ന ബോള്‍ട്ടിന് ചെറുപ്പത്തില്‍ ക്രിക്കറ്റ് താരമാകാനായിരുന്നു ആഗ്രഹം. അതിന്റെ ഭാഗമായാണ് അദ്ദേഹം ഓടിത്തുടങ്ങിയതും. എന്നാല്‍ അദ്ദേഹത്തിന്റെ നിയോഗം മറ്റൊന്നായിരുന്നുവെന്ന് ട്രാക്കിലെ നേട്ടങ്ങള്‍ തന്നെ സാക്ഷി.
കരിയറില്‍ അപൂര്‍വമായി മാത്രമേ അദ്ദേഹത്തിന് പിഴച്ചിട്ടുള്ളു. ബാക്കി സമയത്തെല്ലാം ബോള്‍ട്ടിനെ വെല്ലാന്‍ ഒരു താരത്തിനും സാധിച്ചില്ല. ജസ്റ്റിന്‍ ഗാറ്റ്‌ലിനും ടൈസന്‍ ഗേയും യോഹാന്‍ ബ്ലെയ്ക്കും തുടങ്ങി പ്രതിഭകളായ കുറേ താരങ്ങള്‍ എല്ലാ സമയത്തും വെള്ളിയിലും വെങ്കലത്തിലും ഒതുങ്ങി. ലണ്ടനില്‍ തന്റെ കരിയറിലെ അവസാന വ്യക്തിഗത പോരാട്ടത്തിനിറങ്ങുമ്പോഴും ബോള്‍ട്ടില്‍ നിന്ന് ലോകം പ്രതീക്ഷിച്ചത് സ്വര്‍ണമായിരുന്നു.
പക്ഷേ ഹീറ്റ്‌സിലും സെമിയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്ന ബോള്‍ട്ട് വരാനിരിക്കുന്ന നിരാശ മുന്‍കൂട്ടി കണ്ടിരുന്നുവെന്നുറപ്പാണ്. പരുക്കിന്റെ വേവലാതിയും ഉറ്റ സുഹൃത്തും ഹൈ ജംപില്‍ ഒളിംപിക് വെള്ളി മെഡല്‍ ജേതാവുമായ ജെര്‍മെയ്ന്‍ മാസോണിന്റെ മരണം തീര്‍ത്ത ആഘാതവും ശാരീരികവും മാനസികവുമായി ബോള്‍ട്ടിനെ തളര്‍ത്തിയിരുന്നു. ഒപ്പം സ്റ്റാര്‍ട്ടിങിലെ പിഴവും അദ്ദേഹത്തിന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിരിക്കാം.
കായിക ചരിത്രത്തില്‍ ബോള്‍ട്ടിനെ പോലൊരു പോരാളിയെ കാണുക പ്രയാസമാണ്. അതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി നിര്‍ത്തുന്നത്. ട്രാക്കില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് ലോകത്തെ ആനന്ദിപ്പിച്ച ഇതിഹാസ താരങ്ങള്‍ അനവധിയുണ്ട്. പലരും പില്‍ക്കാലത്ത് ഉത്തേജക മരുന്നുപയോഗത്തിന്റെ പേരില്‍ പിടിക്കപ്പെടുകയും ചെയ്തു. എന്നാല്‍ കരിയറില്‍ ഒരിക്കല്‍ പോലും അത്തരമൊരു ചീത്തപ്പേര് കേള്‍പ്പിക്കാതെ ട്രാക്കിനോട് വിട പറയാനും ഉത്തേജക മരുന്നിനെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കാനും ബോള്‍ട്ടിന് സാധിച്ചു. വരുന്ന തലമുറയ്ക്ക് മാതൃകയക്കാന്‍ ഇതുപോലൊരു താരമില്ലെന്ന് നിസ്സംശയം പറയാം. മത്സര മികവിനാലും വ്യക്തിത്വത്തിലെ നിഷ്‌കളങ്കത കൊണ്ടും മനുഷ്യത്വപരമായ സമീപനം കൊണ്ടും ബോള്‍ട്ട് തന്റെ സ്വത്വത്തെ പല വിധത്തില്‍ വ്യാഖ്യാനിച്ചാണ് കായിക ലോകത്തെ നക്ഷത്രമായി തിളങ്ങിയത്.
സ്വര്‍ണം നേടിയ ശേഷം ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ബോള്‍ട്ടിന് മുന്നില്‍ മുട്ടുകുത്തി ആദരം പ്രകടിപ്പിക്കുകയാണ് ആദ്യം ചെയ്തത്. അത് ബോള്‍ട്ടിനുള്ള അംഗീകരമായിരുന്നു. മരുന്നടിക്ക് പിടിക്കപ്പെട്ട് നാല് വര്‍ഷത്തോളം വിലക്ക് നേരിട്ട് തിരിച്ചെത്തിയ ഗാറ്റ്‌ലിന്‍ വീറോടെ പൊരുതിയത് ബോള്‍ട്ടിനെ എപ്പോഴെങ്കിലും വീഴ്ത്തുക എന്ന ലക്ഷ്യം വച്ചായിരിക്കണം. അത് ബോള്‍ട്ടിന്റെ അവസാന പോരാട്ടമായി മാറിയത് കാവ്യ നീതിയായിരിക്കാം.
മനുഷ്യന്റെ വേഗമാന ചിന്തകളെ തന്റെ മികവിനാല്‍ അട്ടിമറിച്ച് അസാധ്യമെന്ന വാക്കിനെ ബോള്‍ട്ട് മായ്ച്ചു കളഞ്ഞു. അവസാന പോരാട്ടത്തില്‍ വെങ്കലം നേടി വിട പറയുന്ന ബോള്‍ട്ട് ഒരു യാഥാര്‍ഥ്യവും ഓര്‍മ്മപ്പെടുത്തുന്നു. മാറ്റം അനിവാര്യമാണെന്ന വസ്തുത.
പ്രിയപ്പെട്ട ബോള്‍ട്ട് താങ്കള്‍ ട്രാക്കില്‍ കാണിച്ചുതന്ന സൗന്ദര്യ വേഗങ്ങള്‍ക്ക്, പോരാട്ട വീര്യത്തിന്, അടങ്ങാത്ത വിജയ തൃഷ്ണയ്ക്ക്, സഹാനുഭൂതികള്‍ക്ക്, പ്രചോദനങ്ങള്‍ക്ക്... ബിഗ് ബിഗ് സല്യൂട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."