അപരിചിതര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ നിയമം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: അപ്രതീക്ഷിത ദുരന്തങ്ങളിലും റോഡപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങളിലുംപെട്ട് അബോധാവസ്ഥയിലോ ഗുരുതരാവസ്ഥയിലോ ആകുന്ന ഇതര സംസ്ഥാനക്കാരും ഇതര രാഷ്ട്രക്കാരുമുള്‍പ്പെട്ട അപരിചിതര്‍ക്ക് ഏറ്റവും അടുത്ത മികച്ച ആശുപത്രിയില്‍ അടിയന്തിര ചികിത്സ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു.
കൊല്ലം ഇത്തിക്കരയില്‍ 2017 ഓഗസ്റ്റ് ആറിനു രാത്രിയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ച സാഹചര്യത്തില്‍ കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ഗതാഗതത്തിരക്കുള്ള പ്രധാന പാതകള്‍ക്കരികിലെ സുസജ്ജമായ എല്ലാ പ്രധാന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും കോര്‍ത്തിണക്കി രാത്രികാലത്തെ അത്യാഹിത ചികിത്സയ്ക്ക് വെന്റിലേറ്ററും ന്യൂറോസര്‍ജനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ജില്ലാതലത്തില്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍മാരും സംസ്ഥാനതലത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറും ഇക്കാര്യം ഉറപ്പാക്കണം. സജ്ജീകരണങ്ങള്‍ ഉണ്ടായിട്ടും അടിയന്തിര ചികിത്സ നിഷേധിക്കുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും ചുമതലക്കാര്‍ക്കുമെതിരേ പിഴ, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കണം. ഇത്തരം സാഹചര്യത്തില്‍ ചികിത്സയ്ക്കു വേണ്ടി വരുന്ന സാമ്പത്തിക ബാധ്യത ആശുപത്രികള്‍ക്കും വ്യക്തികള്‍ക്കും റീഇംബേഴ്‌സ് ചെയ്യാന്‍ സംവിധാനമുണ്ടാക്കണമെന്നും കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
മുരുകന്റെ മരണത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമേ പി.കെ രാജു, രംഗനാഥന്‍ മനോഹര്‍, അബ്ദുല്‍ബഷീര്‍, അഡ്വ. ദേവദാസ്, അല്‍ അമീന്‍ എന്നിവരും പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി നല്‍കിയ റിപ്പോര്‍ട്ടില്‍ വെന്റിലേറ്ററിന്റെ വിവരങ്ങള്‍ നല്‍കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിസമ്മതിച്ചതായി പറയുന്നു. ന്യൂറോ വിഭാഗത്തില്‍ ഡോക്ടര്‍ ഉണ്ടായിട്ടും പി.ജി വിദ്യാര്‍ഥിയെ മുരുകനെ നോക്കാന്‍ നിയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. ഡോക്ടര്‍മാര്‍ മാത്രം അടങ്ങിയ മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലിനെ പരാതിക്കാരനായ പി.കെ രാജു ചോദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."