തിരിച്ചെത്തി, വിക്രമസിങ്കം
കൊളംബോ: ശ്രീലങ്കന്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. 51 ദിവസത്തിനുശേഷം ഒഴിപ്പിച്ച അതേ ഇരിപ്പിടത്തിലേക്കുതന്നെ പൂര്‍വാധികം ശക്തിയോടെ വിക്രമസിംഗെ തിരിച്ചെത്തി. ശ്രീലങ്കയുടെ പത്താമത് പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേറ്റു.
പ്രസിഡന്റ് മൈത്രിപാല സിരിസേന വിക്രമസിംഗെയെ അധികാരത്തില്‍നിന്ന് നീക്കി മഹിന്ദ രാജപക്‌സയെ പ്രധാനമന്ത്രിയായി ചുമതലയേല്‍പ്പിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
എന്നാല്‍ അധികാരത്തില്‍നിന്ന് പുറത്തായെങ്കിലും പ്രധാനമന്ത്രിയുടെ വസതിയായ ടെംബിള്‍ ട്രീസില്‍നിന്ന് ഒഴിയാന്‍ വിക്രമസിംഗെ തയാറായിരുന്നില്ല. അനധികൃതമായ രീതിയില്‍ പുറത്താക്കിയ പ്രസിഡന്റിന്റെ നടപടിക്കെതിരേ ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള പോരാട്ടമാണ് സുപ്രിംകോടതി അനുകൂല വിധി പുറപ്പെടുവിക്കുന്നതുവരെ വിക്രമസിംഗെ നടത്തിയത്.
അധികാര ദുര്‍വിനിയോഗം നടത്തിയ ഓരോ നടപടികളും കോടതികള്‍ റദ്ദാക്കിയതോടെ തന്നെ പുറത്താക്കിയ സിരിസേനയെ കൊണ്ടുതന്നെ സത്യപ്രതിജ്ഞാ നേതൃത്വം നല്‍കിപ്പിച്ച് വിക്രമ സിംഗെ ഇന്നലെ മധുരപ്രതികാരം ചെയ്തു.
ഭരണകൂടത്തില്‍ അനിശ്ചിതത്വം നിലനിന്നെങ്കിലും സിരിസേനയുടെ തെറ്റായ നടപടിക്കെതിരേ വിക്രമസിംഗെയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാര്യമായി അനിഷ്ട സംഭവങ്ങളൊന്നും ഇന്നലെവരെ രാജ്യത്തു നടത്തിയിട്ടില്ല. എന്നാല്‍ വിക്രമസിംഗെ അധികാരത്തില്‍ തിരിച്ചെത്തിയതോടെ പടക്കംപൊട്ടിച്ച് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. സത്യപ്രതിജ്ഞാ ചടങ്ങിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
ശ്രീലങ്കയുടെ ജനാധിപത്യ സ്ഥാപനങ്ങളുടെ വിജയമാണിതെന്നും പൗരന്മാരുടെ പരമാധികാരമാണെന്നും വിക്രമിസിംഗെ ട്വീറ്റ് ചെയ്തു. ജനാധിപത്യ വിജയത്തിനും ഭരണഘടനാ സംരക്ഷണത്തിനും കൂടെനിന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ജനാധിപത്യം പുനഃസ്ഥാപിച്ചതിനും അനധികൃതമായി അധികാരം പിടിച്ചെടുത്തതിനെതിരേ പോരാടിയതിനും രാജ്യത്തെ മുഴുവന്‍ പൗരന്മാരോടും നന്ദി പറയുകയാണെന്ന് വിക്രമ സിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ട്വീറ്റ് ചെയ്തു.
പുതിയ മന്ത്രിസഭാ രൂപീകരണം അടുത്ത ദിവസങ്ങളിലുണ്ടാവുമെന്ന് വിക്രമസിഗെയുടെ വക്താവ് പറഞ്ഞു.
ഒക്ടോബര്‍ 26ന് പ്രധാനമന്ത്രിയെ പുറത്താക്കിയ നടപടിക്ക് ശേഷം പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ലെങ്കിലും അധികാരത്തില്‍നിന്ന് പിന്‍വാങ്ങാന്‍ രാജപക്‌സെ തയാറായില്ല. എന്നാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട സിരിസേനയുടെ നടപടി സുപ്രിംകോടതി റദ്ദാക്കിയതോടെയാണ് ഗത്യന്തരമില്ലാതെ രാജിവയ്ക്കാന്‍ രാജപക്‌സെ കഴിഞ്ഞ ദിവസം തയാറായത്. ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുള്‍പ്പെടെയുള്ള സിരിസേനയുടെ നടപടി അനധികൃതമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
വിക്രമസിംഗെ പ്രധാനമന്ത്രിയായതിനുപിന്നാലെ അഭിനന്ദവുമായി ഇന്ത്യ രംഗത്തെത്തി. ശ്രീലങ്കയിലെ രാഷ്ട്രീയ തീരുമാനങ്ങളെ അടുത്ത അയല്‍ രാജ്യമെന്ന നിലയിലും യഥാര്‍ഥ സുഹൃത്തെന്ന നിലയിലും സ്വാഗതം ചെയ്യുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ശ്രീലങ്കയിലെ പുരോഗമന പദ്ധതികളുമായി മുന്നോട്ടുപോവാന്‍ ഇന്ത്യ തയാറാണ്. ഇന്ത്യ-ശ്രീലങ്ക ബന്ധം മികച്ചരീതിയില്‍ തുടരാന്‍ സാധ്യമാവുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."