മെഡിക്കല്‍ കോളജ് ഒ.പി ബ്ലോക്ക് പുതുമ വീണ്ടെടുത്തു
തിരുവനന്തപുരം: ഒപി ബ്ലോക്കിന്റെ പുതുമ വീണ്ടെടുക്കാന്‍ അവധി ഉപേക്ഷിച്ച് ജീവനക്കാര്‍ കൈകോര്‍ത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയും പരിസരവും വെടിപ്പായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് അവധിദിവസവും ജോലി ചെയ്താണ് ക്ലീനിങ് വിഭാഗത്തിലെ ജീവനക്കാര്‍ മാതൃക കാട്ടിയത്.
ഒ.പി വിഭാഗത്തിലെ സൈനേജ്, ടോക്കണ്‍ സമ്പ്രദായം അടക്കമുള്ള ആധുനിക സംവിധാനങ്ങളില്‍ നേരത്തേ തന്നെ രോഗികളും കൂട്ടിരിപ്പുകാരും ആകൃഷ്ടരായിരുന്നു. ഞായറാഴ്ച ഒ.പി ബ്ലോക്കിന്റെ പ്രവര്‍ത്തനം ഇല്ലാതിരുന്നിട്ടുകൂടി തിരക്കില്ലാത്ത ദിവസമായതിനാല്‍ ജീവനക്കാര്‍ അവധി ഉപേക്ഷിച്ച് ജോലിക്കെത്തുകയായിരുന്നു.
ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജീവനക്കാര്‍ സ്ത്രീപുരുഷഭേദമന്യേ കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള ആഴ്ചയിലെ ഒരുദിവസം ആശുപത്രിയുടെ ശുചീകരണം ലക്ഷ്യമാക്കി എത്തിച്ചേരുകയായിരുന്നു. ഒ.പി വിഭാഗത്തിലെ ജനലുകളും വാതിലുകളും ഫ്‌ളോറുമെല്ലാം അവര്‍ തുടച്ചുവൃത്തിയാക്കി. തുടര്‍ന്ന് ആശുപത്രി പരിസരവും ശുചീകരിച്ചു. ജീവനക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും എത്തിയിരുന്നു. ദൈനംദിന ജോലിയ്‌ക്കൊപ്പം അവധിദിവസമായ ഞായറാഴ്ചയും ജോലി ചെയ്യാന്‍ തയാറായ ജീവനക്കാരെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു അനുമോദിച്ചു. അവശതയോടെയെത്തുന്ന രോഗികള്‍ക്ക് സുഖകരമായ അന്തരീക്ഷത്തില്‍ ചികിത്സ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം.എസ് ഷര്‍മ്മദ് പറഞ്ഞു. ഒ.പിയിലും മറ്റുമെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവധിദിവസത്തിലും ജീവനക്കാര്‍ ജോലിയ്ക്കുതയാറായത് അഭിനന്ദനാര്‍ഹമാണ്. ഈ വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ദ്രം പദ്ധതിയെ ലക്ഷ്യത്തിലെത്തിക്കാന്‍ ഏറെ സഹായിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."