നദികളെ സംരക്ഷിക്കാനുള്ള യജ്ഞവുമായി നഗരസഭയും
കോവളം: കരമനയാനെയും കിള്ളിയാറിനെയും ശുചീകരിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷകരിക്കെ നദികളെ മാലിന്യ മുക്തമാക്കാനും സംരക്ഷിക്കാനുള്ള യജ്ഞത്തില്‍ നഗരസഭയും രംഗത്ത്.
കരമനയാറ്റിലെ മലിനീകരണത്തിനു പരിഹാരം കാണാന്‍ നഗരസഭക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഈയിടെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്.
മലിനീകരണ വിഷയത്തില്‍ നഗരസഭയും പൊതുമരാമത്ത് വകുപ്പും ജലഅതോറിറ്റിയും പരസ്പരം പഴിചാരുന്നതിനെയും ട്രൈബ്യൂണല്‍ വിമര്‍ശിച്ചിരുന്നു.
ഇതോടെയാണ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ മേഖലയിലെ എല്ലാ നദികളും ചെറു തോടുകളും ജനപങ്കാളിത്തത്തോട ഘട്ടം ഘട്ടമായി ശുചീകരിക്കാനുള്ള പദ്ധതികളുമായി നഗരസഭ അധികൃതരുടെ വരവ്. ഇത് സംബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത മേയര്‍ ആറ്റിലേക്ക് മാലിന്യം ഒഴുക്കുന്നത് ജനങ്ങളുടെ സഹകരണത്തോടെ ഇല്ലാതാക്കുന്നതിനുള്ള വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ വിദഗ്ദ്ധ സമിതിയും രൂപീകരിച്ചു. ഇതിന്റെ ഭാഗമായി നഗരസഭാധികൃതരും ജനപ്രതിനിധികളും ഇന്നലെ തിരുവല്ലം, അമ്പലത്തറ, പാപ്പനംകോട്, പനത്തുറ എന്നീ ഭാഗങ്ങളിലെത്തി ആറുകളില്‍ കൂടിക്കിടക്കുന്നതും ഒഴുക്കി വിടുന്നതുമായ മാലിന്യം നേരില്‍ കണ്ട് വിലയിരുത്തി.തിരുവല്ലം, ഇടയാര്‍ ,തേരിയാമുട്ടം ഭാഗങ്ങളില്‍ പാര്‍വതീ പുത്തനാറിലൂടെ ഒഴുകിയെത്തിയ ടണ്‍ കണക്കിന് മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും സമിതി വിലയിരുത്തി. ഇവിടെ കുമിഞ്ഞുകൂടിയ മാലിന്യം ഉടന്‍ നീക്കം ചെയ്യാന്‍ നഗരസഭ മുന്‍കൈയെടുക്കുമെന്നും കൂടാതെ ഇവിടെ നിന്നും പൊഴിക്കരയിലേക്കുള്ള മൂടിപ്പോയ ഭാഗം പുനസ്ഥാപിക്കുന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘത്തില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, സെക്രട്ടറി ദീപ, അലക്‌സാണ്ടര്‍, തിരുവല്ലം വാര്‍ഡ് കൗണ്‍സിലര്‍ നെടുമം മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ ബേബി, സുജിത്, അജിത്, അനില്‍ എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."