വീരണകാവിലെ സര്‍ക്കാര്‍ ആശുപത്രി: മനംമടുപ്പിക്കില്ല , കുട്ടികള്‍ക്ക് ഉല്ലസിക്കാം
ബോബന്‍ സുനില്‍
കാട്ടാക്കട: ഇതൊരു ആശുപത്രിയാണന്ന് ആര്‍ക്കും തോന്നില്ല കാരണം കുട്ടികള്‍ക്കായി പാര്‍ക്കും ശുചിത്യമാര്‍ന്ന പരിസരവും പിന്നെ സ്വാഗതമേകുന്ന ബോര്‍ഡും പിന്നെ മനം മടുപ്പിക്കുന്ന ആശുപത്രി അന്തരീക്ഷവുമില്ല. കാട്ടാക്കടയ്ക്ക് സമീപം വീരണകാവിലെ പുതിയ സര്‍ക്കാര്‍ ആശുപത്രി ഇപ്പോള്‍ ഇങ്ങിനെയാണ്. പുതിയ കാഴ്ചപ്പാടിന്റെ പുത്തന്‍ രൂപം കാട്ടാക്കട പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആമച്ചല്‍ ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്.
അതോടെ രോഗികള്‍ക്ക് ലഭിക്കുന്നത് മികച്ച ചികിത്സാ സൗകര്യങ്ങള്‍. വ്യക്തിത്വവികസന ക്ലിനിക്കും, ബാലസൗഹൃദ പാര്‍ക്കുമൊക്കെയായി ആധുനിക നിലവാരത്തിലാണിപ്പോള്‍ ആശുപത്രി. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുവരെ മൂന്നു ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭിക്കുന്നു.ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ യോഗ, വ്യായാമകേന്ദ്രം, രോഗനിര്‍ണയത്തിന് ആധുനിക സൗകര്യങ്ങളുള്ള ലബോറട്ടറി, ഇ.സി.ജി സംവിധാനങ്ങള്‍ എന്നിവയും ഉണ്ട്.
റഫറല്‍ സംവിധാനം, പേവിഷബാധക്ക് എതിരേയുള്ള കുത്തിവയ്പ്, 108 ആംബുലന്‍സ് സംവിധാനം എന്നിവയും സജ്ജമാണ്. ശ്വാസകോശരോഗ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി ശ്വാസ് ക്ലിനിക്കും, മാനസികപ്രശ്‌നങ്ങളുടെ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി ആശ്വാസ് ക്ലിനിക്കും, പാലിയേറ്റീവ് കെയര്‍ യൂനിറ്റും, മാതൃശിശു സംരക്ഷണത്തിനായി പ്രത്യേക യൂനിറ്റും സജ്ജമാക്കിയിട്ടുണ്ട്. മനോഹരമായ രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഒ.പി റൂം, ജനങ്ങള്‍ക്ക് ഇരിക്കാന്‍ വളരെ വിശാലമായ വിശ്രമസ്ഥലം, നിരീക്ഷണ മുറി, കോണ്‍ഫറന്‍സ് ഹാള്‍, പൊതുജനാരോഗ്യ സംവിധാനത്തിന് പ്രത്യേക കെട്ടിടം, ലബോറട്ടറി, ഫാര്‍മസി തുടങ്ങി എല്ലാ സൗകര്യങ്ങളുമടങ്ങുന്നതാണ് ആശുപത്രി. കൂടാതെ ഹരിത കേരളം വിഭാവനം ചെയ്യുന്ന ഗ്രീന്‍ പ്രോട്ടോക്കോളുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രീന്‍ ആര്‍മിയുടെ സേവനവും കാട്ടാക്കട പഞ്ചായത്തിന്റെ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങളും ഇവിടെ ലഭ്യമാകും. ഇ-ഹെല്‍ത്ത് പദ്ധതിയില്‍ ഉള്‍പ്പെട്ടതോടെ ചികിത്സ, പരിശോധനാ ഫലങ്ങളുടെ രേഖകള്‍, എക്‌സ്‌റേ തുടങ്ങിയവയൊക്കെ ഓണ്‍ലൈനായി ഡോക്ടര്‍ക്ക് മുന്നിലേക്ക് എത്തുന്നതും ചികിത്സ വേഗത്തിലാക്കുന്നു.
ഏത് ആശുപത്രിയിലും ഇവിടത്തെ രോഗിക്ക് ചികിത്സ തേടാം. ഇവിടെ നിന്നുള്ള ചികിത്സക്ക് പുറമേ മെഡിക്കല്‍ കോളജ് ആശുപത്രി, ആര്‍.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചികിത്സക്ക് പോകേണ്ട രോഗിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്നുതന്നെ ടോക്കണ്‍ എടുക്കാനുമാകും.നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ രോഗബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച ബാലസൗഹൃദ പാര്‍ക്കും പ്രത്യേക ആകര്‍ഷണമാണ്. കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി തുറന്ന വ്യക്തിത്വവികസന ക്ലിനിക്കാണ് മറ്റൊരു പ്രത്യേകത. കൗമാരക്കാരായ കുട്ടികളുടെ വ്യക്തിത്വവികാസത്തിന് ഊന്നല്‍ നല്‍കി അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധരായ ഡോക്ടര്‍ എല്ലാ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലും രാവിലെ 10 മുതല്‍ രണ്ടുവരെ രക്ഷാകര്‍ത്താക്കള്‍ക്കും, കുട്ടികള്‍ക്കും കൗണ്‍സലിങ് നല്‍കുന്നു. നബാര്‍ഡിന്റെ സഹായത്തോടെ രണ്ടുകോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പുതിയ മന്ദിരത്തിലാണിപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."