തൊടുപുഴ നഗരസഭ നടപടി കടുപ്പിക്കുന്നു
തൊടുപുഴ: തൊടുപുഴ നഗരപരിധിയില്‍ ഇനി മതിയായ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കാത്ത വീടുകള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കേണ്ടെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം. നഗരത്തില്‍ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാത്ത കടകള്‍ക്കും ഷോപ്പിങ് കോംപ്ലക്‌സുകള്‍ക്കും മേലില്‍ ലൈസന്‍സ് നല്‍കില്ല. സംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പഴക്കടകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 15നകം മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തീരുമാനമാണ് തൊടുപുഴ നഗരസഭയിലും കര്‍ശനമായി നടപ്പാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
നിലവില്‍ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നഗരസഭാ ജീവനക്കാര്‍ വാഹനവുമായെത്തി ജൈവമാലിന്യങ്ങള്‍ സ്വീകരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 15 മുതല്‍ ഇത് അവസാനിപ്പിക്കും. ഉറവിട മാലിന്യസംസ്‌കരണം ഓരോരുത്തരുടെയും ചുമതലയാണെന്നും ഇതൊരു സംസ്‌കാരമായി ഉയര്‍ത്തിക്കൊണ്ടു വരണമെന്നുമുള്ള രാഷ്ട്രീയ കക്ഷിഭേദമെന്യെ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി, പുതുതായി നിര്‍മിക്കുന്ന വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ആദ്യഘട്ടമായി ഉറവിട മാലിന്യസംസ്‌കരണ സംവിധാനം നിര്‍ബന്ധമാക്കും. ചുരുങ്ങിയത് ഒരു പൈപ്പ് കമ്പോസ്റ്റ് യൂനിറ്റും മാലിന്യക്കുഴിയുമെങ്കിലും സ്ഥാപിക്കണം.
നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാന്‍ സെപ്തംബര്‍ 15 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്.
ഈ കാലാവധി തീരുന്നതു വരെ അവിടെ നിന്ന് നഗരസഭ ജൈവമാലിന്യം ശേഖരിക്കും. അതിനു ശേഷവും ഈ സ്ഥാപനങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കാത്ത പക്ഷം ലൈസന്‍സ് റദ്ദാക്കും. നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തിയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുക.
നഗരപരിധിയില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശ നിലപാട് സ്വീകരിക്കും. മറ്റു മാലിന്യങ്ങള്‍ കലരാത്ത പ്ലാസ്റ്റിക് മാത്രമേ നഗരസഭ സ്വീകരിക്കൂ. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ നഗരസഭയുടെ വാഹനമെത്തും. അവിടെ പൊതുജനങ്ങള്‍ നേരിട്ട് പ്ലാസ്റ്റിക് മാലിന്യം എത്തിക്കണം. മറ്റു മാലിന്യങ്ങള്‍ കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും സംവിധാനമുണ്ടാവും. നിര്‍ദേശം ലംഘിച്ചാല്‍ പിഴ അടക്കമുള്ള ശിക്ഷ നല്‍കും. നഗരസഭയില്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് സ്ഥാപിക്കാനുള്ള നടപടി ഊര്‍ജിതപ്പെടുത്താനും കൗണ്‍സിലില്‍ തീരുമാനമായി.
വൈസ് ചെയര്‍മാന്‍ ടി .കെ സുധാകരന്‍ നായര്‍, കൗണ്‍സിലര്‍മാരായ എ. എ.ം ഹാരിദ്, ജെസി ആന്റണി ആര്‍. ഹരി, രാജീവ് പുഷ്പാംഗദന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."