വ്യവസായ മേഖലയില്‍ കോരയാര്‍ പുഴ മലിനമായി ഒഴുകുന്നു
പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്ന് ഉത്ഭവിച്ച് ഭാരതപുഴയില്‍ ചെന്ന് ചേരുന്ന കിഴക്കന്‍ പ്രദേശത്തെ കോരയാര്‍ പുഴയില്‍ വ്യവസായ മേഖലയിലെ കമ്പനികളില്‍ നിന്ന് പുറംതള്ളുന്ന വിഷമാലിന്യങ്ങള്‍ ഒഴുക്കി വിടുന്നതിനാല്‍ ഈപുഴയിലെ വെള്ളം മലിനീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇരുനൂറിലധികം കമ്പനികളുള്ള കഞ്ചിക്കോട്, പുതുശേരി മേഖലയിലൂടെയാണ് പുഴ ഒഴുകികൊണ്ടിരിക്കുന്നത്. നേരത്തെ പുഴയില്‍ വെള്ളം ഒഴുകുന്ന സമയത്ത് മത്സ്യങ്ങളും, തവളകളും ഉള്‍പ്പെടെയുള്ള ജലജീവികള്‍ ചാകുന്നത് പതിവായിരുന്നു. ഇപ്പോള്‍ കോരയാറില്‍ നിന്ന് വെള്ളം കുടിച്ച ആടുകളും ചത്തൊടുങ്ങിയിരിക്കുകയാണ്.
ന്യൂഇന്‍ഡസ്ട്രിയല്‍ പ്രദേശത്തെ റെസ്ബുല എന്ന കമ്പനിയില്‍ നിന്ന് പുറംതള്ളിയ രാസമാലിന്യം കലര്‍ന്ന പുഴ വെള്ളം കുടിച്ചാണ് ആടുകള്‍ ചത്തത്. കോരയാര്‍ പുഴയില്‍ വെള്ളമൊഴുക്ക് വര്‍ധിച്ചപ്പോള്‍ കമ്പനിയിലെ രാസമാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിയതാണെന്നും സംശയമുണ്ട്. വര്‍ഷങ്ങളായി ഈ കമ്പനി രാസമാലിന്യങ്ങള്‍ ചേര്‍ന്ന മാലിന്യം പുഴയിലേക്ക് ഒഴുകി വിടുകയാണ് എന്നും നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിരുന്നില്ലത്രെ. ആടുകള്‍ ചത്തതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ കമ്പനിയിലെത്തിയപ്പോള്‍ രാസമാലിന്യങ്ങള്‍ ഒരു വലിയ കോണ്‍ക്രീറ്റ് ടാങ്കില്‍ സംഭരിച്ച് പുഴയിലേക്ക് ഒഴുക്കി വിടുന്നത് കണ്ടെത്തിയിരുന്നു.സംഭവത്തെ തുടര്‍ന്ന്ജില്ലാ പൊലീസ് സൂപ്രണ്ട് പ്രതീഷ്‌കുമാര്‍ ഇടപെട്ട് കമ്പനിയുടെ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനും, കമ്പനിക്കെതിരേ കേസെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഒരു തുള്ളി വെള്ളം കുടിച്ചാല്‍ ആടോ കന്നുകാലിയോ ആരായാലും മരിച്ചു വീഴുന്ന അത്രയും വിഷം വഹിച്ചു കൊണ്ടാണ് കഞ്ചിക്കോട്ടെ കൊയ്യാമരക്കാട് ഭാഗത്ത് കോരയാര്‍ ഒഴുകുന്നത്. ഒഴുകി വരുന്ന പുഴവെള്ളത്തില്‍ മത്സ്യം, തവള, ഉള്‍പ്പടെ ഒരു ജലജീവിയും ഇല്ല. വിഷത്തിന്റെ തീവ്രതയില്‍ പായലുകളും മറ്റും ഇലകള്‍ കരിഞ്ഞാണ് നില്‍ക്കുന്നത്. പുഴയുടെ അടുത്ത് ചെന്നാലെ രൂക്ഷമായ ദുര്‍ഗന്ധം കൊണ്ട് മൂക്കുപൊത്തണം. കറുത്ത വെള്ളത്തില്‍ നിന്ന് പലയിടത്തും പതയും നുരയും ഉണ്ടാകും. വെള്ളത്തില്‍ തൊട്ടാല്‍ ചൊറിഞ്ഞു തുടങ്ങും. കഴിഞ്ഞ ദിവസം അന്യനാട്ടുകാരനായ യുവാവ് ഈ പുഴയില്‍ ഒന്നിറങ്ങിയതാണ്. രണ്ടു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.
ഏകദേശം നൂറോളം മീറ്റര്‍ ദൂരത്തില്‍ കോരയാറിന്റെ കൊയ്യാമരക്കാട് ഭാഗത്തെ അവസ്ഥയാണിത്. ഇവിടെ തടയണ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്. നല്ല മഴയത്ത് തടയണ കവിഞ്ഞൊഴുകുന്ന വെള്ളവും മറ്റുഭാഗങ്ങളില്‍ നിന്ന് തടയണയുടെ താഴെ ഭാഗത്തേക്ക് വരുന്ന വെള്ളവും ചേര്‍ന്നാണ് കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിലേക്ക് വരെ ചെന്നെത്തുന്നത്. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ കന്നുകാലികളേയോ ആടുകളേയോ മറ്റ് ജീവികളേയോ പുഴയുടെ ഭാഗത്തേക്ക് കൊണ്ടു പോകാതേയും ഒഴുകി വരുന്ന വിഷപുഴ എന്ന് പരസ്പരം മുന്നറിയിപ്പ് നല്‍കിയുമാണ് ഇതിന്റെ പരിസരത്ത് ജീവിച്ചു വരുന്നത്. ഒന്നുമറിയാതെ പുഴയിലെ വെള്ളം കുടിക്കുന്നവര്‍ ചത്ത് വീഴുമെന്ന് ഉറപ്പാണ്.
കോരയാറിനോട് ചേര്‍ന്ന് ഏകദേശം 250 ലേറെ വ്യവസായ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ നിന്നെല്ലാം രാസമാലിന്യങ്ങള്‍, കക്കൂസ് മാലിന്യം തുടങ്ങിയവയെല്ലാം കോരയാറിലേക്കാണ് ഒഴുകുന്നത്. വികസനത്തിന് വേണ്ടി വന്ന വ്യവസായ കമ്പനികള്‍ ചെയ്യുന്ന പുഴ മലനീകരണം ജലവകുപ്പും, പൊലുഷന്‍ വകുപ്പെല്ലാം കണ്ടില്ലെന്ന് നടിച്ചു. വിഷമേറ്റ് വാങ്ങി കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിലേക്കാണ് കോരയാര്‍ ചെന്നു ചേരുന്നത് എന്നറിഞ്ഞിട്ടും ഒരിടപെടലും ഉണ്ടായില്ല. ഇനിയും പുഴയിലേക്ക് വിഷമൊഴുക്കാന്‍ അനുവദിക്കില്ല. കമ്പനികള്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കി വിടുന്നതിനെതിരേ ശക്തമായ സമരങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."