പ്രമുഖ സൂഫിവര്യനും സുപ്രഭാതം രക്ഷാധികാരിയുമായ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ വഫാത്തായി
അത്തിപ്പറ്റ: പ്രമുഖ സൂഫിവര്യനും ഇസ്‌ലാമിക പണ്ഡിതനുമായ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ (82)വഫാത്തായി. ഖബറടക്കം നാളെ രാവിലെ എട്ടിന് അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍.
ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അത്തിപ്പറ്റ ഉസ്താദ്. ഇന്നു കാലത്ത് 11.50ന് സ്വവസതിയില്‍ വച്ചായിരുന്നു നിര്യാണം. ആത്മീയനിര്‍ദേശം തേടി വീട്ടിലെത്തിയ സന്ദര്‍ശകരെ സ്വീകരിച്ചശേഷം വിശ്രമിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
സമസ്ത പ്രസിഡന്റായിരുന്ന വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാരിലൂടെ ഖാദിരി ത്വരീഖത്തിന്റെയും ലോകപ്രശസ്ത സൂഫിവര്യനും ആത്മീയാചര്യനുമായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസ അല്‍ഹലബിലൂടെ ശാദുലി ത്വരീഖത്തിന്റെയും ആത്മീയസരണിയില്‍ പ്രവേശിച്ച അത്തിപ്പറ്റ ഉസ്താദ് ശാദുലി ത്വരീഖത്തിന്റെ ആത്മീയനേതൃത്വം വഹിച്ചുവരികയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സുപ്രഭാതം ദിനപത്രം രക്ഷാധികാരി സ്ഥാനവും വഹിക്കുന്നു.
ദീര്‍ഘകാലം യു.എ.ഇയില്‍ ഔഖാഫിനു കീഴില്‍ ഇമാമായിരുന്നു. അല്‍ ഐന്‍ സുന്നി യൂത്ത് സെന്റര്‍, മരവട്ടം ഗ്രെയ്‌സ് വാലി കോംപ്ലക്‌സ്, അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് എന്നിവയുടെ സ്ഥാപകനാണ്. സ്വദേശത്തും വിദേശത്തുമായി ആത്മീയപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നു. ആയിരക്കണക്കിനു ശിഷ്യസമ്പത്തിനുടമയാണ്. ആത്മീയസദസുകള്‍, മത,ഭൗതിക വിദ്യാഭ്യാസ പദ്ധതികള്‍ തുടങ്ങിയവയ്ക്കു നേതൃത്വം നല്‍കി. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിനു വിശ്വാസികള്‍ക്ക് ആത്മീയ നേതൃത്വം നല്‍കിവന്നു.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനടുത്തു രണ്ടത്താണി അച്ചിപ്ര പാലകത്ത് കോമു മുസ്‌ലിയാര്‍-ഫാത്വിമ ദമ്പതികളുടെ മകനായി 1936 സെപ്റ്റംബര്‍ 18നായിരുന്നു ജനനം. ഭാര്യമാര്‍: പരേതയായ ഫാത്വിമകുട്ടി, ആഇശ. മക്കള്‍: അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍, മുഹമ്മദ് ഫൈസി, ആത്തിഖ, ആഇശ, മൈമൂന. മരുമക്കള്‍: പരേതനായ സി.എച്ച് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍(അതിരുമട). മുസ്തഫ നദ്‌വി (എടയൂര്‍), മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ (കറുവാപടി), ബുഷ്‌റ (കുറുമ്പത്തൂര്‍), ജമീല (കുരുവമ്പലം).
നിര്യാണ വാര്‍ത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളില്‍നിന്നായി വന്‍ ജനാവലിയാണ് അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ ജനാസ നിസ്‌കാരത്തിനായി ഒഴുകിയെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."