ദേശീയ-സംസ്ഥാന പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാവുന്നു
പത്തിരിപ്പാല: സംസ്ഥാന-ദേശീയ പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാകുമ്പോഴും നിയമസംവിധാനങ്ങള്‍ നോക്കുകുത്തിയാകുന്നു. പാലക്കാട്-കുളപ്പുള്ളി ദേശീയപാത, പാലക്കാട്-കോഴിക്കോട് ദേശീയപാത, മുണ്ടൂര്‍-ചെറുപ്പുളശ്ശേരി, പാലക്കാട്-പെരുങ്ങോട്ടുകുറിശ്ശി തുടങ്ങി സംസ്ഥാനപാതകളിലെല്ലാം കാലങ്ങളായി മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. റോഡിനിരുവശവും ചാക്കുകളിലും, കവറുകളിലും, കൊണ്ടുവന്ന് തള്ളുന്ന മാലിന്യകൂമ്പാരങ്ങള്‍ കാല്‍ നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും അപകടകരമാണ്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയില്‍ കല്ലേക്കാട്, പറളി, മങ്കര, മാങ്കുറുശ്ശി, കണ്ണമ്പരിയാരം, എന്നിവടങ്ങളിലും, മുണ്ടൂര്‍-ചെറുപ്പുളശ്ശേരി പാതയില്‍ മുണ്ടൂര്‍, ഏഴക്കാട്, കോങ്ങാട്, എന്നിവടങ്ങളിലും പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വേലിക്കാട്, കല്ലടിക്കോട്, പന്നിയംപാടം, മുള്ളത്തുപാറ എന്നിവടങ്ങളിലൊക്കെ സ്ഥിരം മാലിന്യനിക്ഷേപകേന്ദ്രങ്ങളാണ്. ഇതിനു പുറമെ കോഴിക്കോട് ദേശീയപാത കടന്നുപോകുന്ന കല്‍മണ്ഡപം-ശേഖരീപുരം ബൈപ്പാസും, കുളപ്പുള്ളി സംസ്ഥാനപാത തുടങ്ങുന്ന മേപ്പറമ്പ് ബൈപ്പാസും പൂര്‍ണമായും മാലിന്യനിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പുറന്തളുന്ന മാലിന്യങ്ങളും ഹോട്ടലുകളില്‍നിന്നും, ഇറച്ചിക്കടകളില്‍നിന്നും പുറന്തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും, മാംസാവശിഷ്ടങ്ങളുമാണ് ചാക്കില്‍ കെട്ടികൊണ്ടുവന്ന് തള്ളുന്നത്. ഇരുട്ടിന്റെ മറവില്‍ കാറുകളിലും പെട്ടിഓട്ടോകളിലുമൊക്കെ കൊണ്ടുവന്ന് തള്ളുന്നത് ചാക്കുകളിലാണെങ്കില്‍, പ്രഭാതസവാരിക്കു വരുന്നവര്‍ കവറുകളില്‍ കൊണ്ടുവന്നും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. കണ്ണമ്പരിയാരം, മങ്കര, പറളി, ഭാഗങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുണ്ടെങ്കിലും ഇതിനൊക്കെ പുല്ലുവില നല്‍കിയാണ് മാലിന്യം തള്ളുന്നത്.
പഞ്ചായത്ത്തലത്തില്‍ മാലിന്യസംസ്‌കരണ കേന്ദ്രങ്ങളോ മാലിന്യനിര്‍മാര്‍ജന സംവിധാനമോ ഇല്ലാത്തതാണ് പാതയോരങ്ങള്‍ മാലിന്യ നിക്ഷേപകേന്ദ്രങ്ങളാക്കി മാറ്റുന്നത്. വഴിയരികുകള്‍ മാലിന്യകൂമ്പാരങ്ങളായി മാറിയതിനെത്തുടര്‍ന്ന് തെരുവുനായകളും, കാക്കകളും, പശുക്കളുമൊക്കെ എത്തുന്നതും അപകടഭീഷിയുയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."