ഒടുവില്‍ ശിലാസ്ഥാപനത്തിന് മന്ത്രിയെത്തുന്നു
മഞ്ചേരി: ഒരിക്കല്‍ മുടങ്ങിയ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് കെട്ടിട സമുച്ചയങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ ആരോഗ്യ മന്ത്രിയെത്തുന്നു. 29നു മന്ത്രി കെ.കെ ശൈലജ ശിലാസ്ഥാപനം നിര്‍വഹിക്കും. കഴിഞ്ഞ ഏഴിനു നടക്കേണ്ടിയിരുന്ന ശിലാസ്ഥാപന ചടങ്ങ് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമായിരുന്നു മാറ്റിവച്ചിരുന്നത്.
സി.പി.എം ജില്ലാ സെക്രട്ടറിയെ ക്ഷണിച്ചില്ലെന്ന കാരണത്താല്‍ മെഡിക്കല്‍ കോളജ് കെട്ടിടം ശിലാസ്ഥാപന ചടങ്ങ് ഏരിയാ കമ്മറ്റി ഇടപെട്ടു മുടക്കിയെന്നാണ് ആരോപണമായിരുന്നത്. 103 കോടി രൂപ ചെലവിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി നിര്‍മിക്കുന്ന ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തിയാണ് രാഷ്ട്രീയ വാശിയെ തുടര്‍ന്നു മുടങ്ങിയിരുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലുകള്‍, അധ്യാപക-അനധ്യാപക ഹോസ്റ്റലുകള്‍, ഇന്റേണല്‍ ഹോസ്റ്റല്‍, ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെടെ മൂന്നു മുതല്‍ ആറുവരെ നിലകളുള്ള ആറു കെട്ടിടങ്ങളുടെ പ്രവൃത്തിയാണ് തുടങ്ങാനിരിക്കുന്നത്.
എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ സമരത്തെ തുടര്‍ന്നാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ നടപടിയാരംഭിച്ചിരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏഴിനു കെട്ടിട നിര്‍മാണം തുടങ്ങാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചത്. ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എം. ഉമ്മര്‍ എം.എല്‍.എയെ ക്ഷണിച്ചിരുന്നു. സി.പി.എമ്മിന്റെ പാര്‍ട്ടി തീരുമാനം നടപ്പാകാത്തതിനെ തുടര്‍ന്നു ചടങ്ങ് മാറ്റിവച്ചതാണെന്ന ആക്ഷേപമുയര്‍ന്നതോടെ പ്രതിഷേധവും ശക്തമായിരുന്നു. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നു നിര്‍മാണ പ്രവൃത്തികള്‍ വൈകിയാല്‍ കോളജിന് എം.സി.ഐ സ്ഥിര അംഗീകാരം നേടിയെടുക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടിയായിരിക്കുമെന്നു മനസിലാക്കിയാണ് ആരോഗ്യ മന്ത്രിയെ കൊണ്ടുവന്നു ശിലാസ്ഥാപന ചടങ്ങ് നടത്തുന്നത്.
നഷ്ടപ്പെട്ട സ്ഥിരം അംഗീകാരം വീണ്ടെടുക്കാനായി ആഴ്ചകള്‍ക്കു മുന്‍പാണ് ആരോഗ്യ വകുപ്പ് എം.സി.ഐക്ക് അപേക്ഷ നല്‍കിയത്. അപേക്ഷ പരിശോധിക്കാനായി എം.സി.ഐ അധികൃതര്‍ ജനുവരിയില്‍ കോളജ് സന്ദര്‍ശിക്കും. ഇതിനു മുന്നോടിയായാണ് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ വകുപ്പ് മന്ത്രി നേരിട്ടെത്തുന്നത്. ശിലാസ്ഥാപന ചടങ്ങിന് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ചെയര്‍മാനും പ്രിന്‍സിപ്പല്‍ എം.പി ശശി കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. 2020ല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."