ലഹരിമോചന ചികിത്സാകേന്ദ്രം സജ്ജമാകുന്നു; പ്രവൃത്തി ഈ മാസം പൂര്‍ത്തിയാകും
കല്‍പ്പറ്റ: ജില്ലയില്‍ ലഹരിമോചന ചികില്‍സാ കേന്ദ്രം സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
നിര്‍മാണ പുരോഗതി വിമുക്തി മിഷന്‍ ജില്ലാതല അവലോകന യോഗം വിലയിരുത്തി. കല്‍പ്പറ്റ ജനറല്‍ ആശുപത്രി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ രണ്ടു ബ്ലോക്കുകളാണ് കേന്ദ്രത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നവീകരണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. വയനാട് നിര്‍മിതികേന്ദ്രത്തിനാണ് ചുമതല. ഡിസംബറില്‍ തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ലഹരിമോചന ചികില്‍സാ കേന്ദ്രത്തിന്റെ ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്.
നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ ഇതു 10 കിടക്കകളുള്ള കേന്ദ്രമായി വിപുലീകരിക്കും. ആവശ്യത്തിന് ഡോക്ടറുടെയും സൈക്കോളജിസ്റ്റിന്റെയും നഴ്‌സുമാരുടെയും സേവനം ഇവിടെ ലഭ്യമാവും. വിമുക്തി മിഷന്റെ ഭാഗമായി നവംബര്‍ 26 മുതല്‍ ഡിസംബര്‍ 18 വരെ എക്‌സൈസ് വകുപ്പ് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. എ.ഡി എം.കെ അജീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണ്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."