ഖത്തറിലെ ഷിപ്പിംഗ് ഹബ് ഇടത്താവളം ഒമാനിലെ സോഹാറിലേക്കു മാറ്റുന്നു
ദോഹ: ഖത്തറിലെ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക് കമ്പനിയായ മിലാഹ മാരിടൈം തങ്ങളുടെ മേഖലാ ചരക്കു കടത്ത് ഇടത്താവളം(ട്രാന്‍സ് ഷിപ്പ്‌മെന്റ് ഹബ്ബ്) ദുബയില്‍ നിന്ന് ഒമാനിലെ സോഹാര്‍ തുറമുഖത്തേക്കു മാറ്റുന്നു. ഉപരോധം മൂന്നാം മാസത്തിലേക്ക് കടക്കുകയും അടുത്ത കാലത്തൊന്നും പ്രശ്‌ന പരിഹാര സാധ്യത ഇല്ലെന്ന് വ്യക്തമാവുകയും ചെയ്ത പശ്ചാത്തലത്തിലാണു തീരുമാനം.
ജൂണില്‍ ഉപരോധം ആരംഭിച്ചതു മുതല്‍ ഖത്തറിന് യു എ ഇ വഴി ചരക്കുകള്‍ നീക്കാന്‍ സാധിച്ചിട്ടില്ല. ഇത് രാജ്യത്തേക്കുള്ള ഇറക്കുമതിയെ കാര്യമായി ബാധിച്ചിരുന്നു. ഒമാനിലെ വടക്കന്‍ തീരത്തുള്ള സ സോഹാറില്‍ മിലാഹ സംഭരണ കേന്ദ്രവും ലോജിസ്റ്റിക്‌സ് സംവിധാനവും സജ്ജീകരിക്കുന്നുണ്ട്.
ഒമാനിലെ മറ്റു വികസന സാധ്യതകളും പരിഗണിക്കുന്നുണ്ട്. സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഉപരോധത്തിനെതിരേ ഖത്തര്‍ ദീര്‍ഘകാല ഒരുക്കങ്ങള്‍ നടത്തുന്നതായാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.
ഗള്‍ഫ് തര്‍ക്കത്തില്‍ സമദൂര നിലപാട് സ്വീകരിക്കുന്ന ഒമാനിലെ തുറമുഖങ്ങളെയാണ് ഇപ്പോള്‍ ഖത്തറിലെ മിക്ക കമ്പനികളും ആശ്രയിക്കുന്നത്.
ഒമാന് പുറമേ മൂന്ന് ഇന്ത്യന്‍ തുറമുഖങ്ങളും ഖത്തറുമായുള്ള വ്യാപാരത്തിന് ഉപയോഗപ്പെടുത്തുമെന്ന് മിലാഹ അറിയിച്ചു.
മലേഷ്യ, പാകിസ്താന്‍, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായി നേരിട്ടുള്ള കപ്പല്‍ ബന്ധം ആരംഭിച്ചതായി കഴിഞ്ഞ ദിവസം ഖത്തര്‍ ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു. ഈ രാജ്യങ്ങള്‍ക്കു പുറമേ ഒമാന്‍, കുവൈത്ത് എന്നിവയ്ക്കും ഖത്തറുമായുള്ള വ്യാപാരത്തിന്റെ പ്രയോജനം ലഭിക്കും.
എന്നാല്‍, ഉപരോധം ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും പ്രമുഖ തുറമുഖമായ ജബല്‍ അലിയെ എങ്ങിനെ ബാധിക്കുമെന്നു വ്യക്തമല്ല.
ഖത്തറിനെതിരായ ഉപരോധം മേഖലയിലെ സാമ്പത്തിക ആസ്ഥാനം എന്ന ദുബൈയിയുടെ സ്ഥാനത്തെ ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നം തുടരുകയാണെങ്കില്‍ അന്താരാഷ്ട്ര കമ്പനികളുടെ മേഖലാ ഹബ്ബ് എന്ന നിലയില്‍ മുന്നോട്ടുപോവുന്നതിന് ദുബയ്ക്ക് പ്രയാസമായിരിക്കുമെന്ന് മിഡില്‍ ഈസ്റ്റിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് സി ഇ ഒ ബില്‍ വിന്റേഴ്‌സ് പറഞ്ഞു. ദുബൈ ആസ്ഥാനമാക്കിയതു വഴി തങ്ങള്‍ക്ക് നിരവധി പ്രയോജനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, പുതിയ സാഹചര്യം ഏത് രീതിയില്‍ ബാധിക്കുമെന്നു നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."