സിറിയയില്‍ നിന്ന് സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് ട്രംപ്; എതിര്‍പ്പ് ശക്തം
വാഷിങ്ടണ്‍: സിറിയയില്‍ നിന്ന് സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2000 സൈനികരെയാണ് പിന്‍വലിക്കുന്നത്. രാജ്യത്ത് നിന്ന് ഐ.എസ് തീവ്രവാദികളെ തുരത്തിയെന്ന് പ്രഖ്യാപിച്ചാണ് നടപടി.
അതേസമയം, സൈനിക പിന്മാറ്റത്തെ എതിര്‍ത്ത് ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കില്‍ നിന്ന് തന്നെ നിരവധി പേര് രംഗത്തെത്തി. ട്രംപിന്റെ നടപടിക്കെതിരെ പരസ്യമായി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ഐ.എസിനെ തുരത്താനല്ല യു.എസ് സൈന്യം ആദ്യം സിറിയയില്‍ എത്തിയത്. 2014 ല്‍ സര്‍ക്കാര്‍ വിരുദ്ധ ആക്രമണം നടത്താനെത്തിയ സൈന്യം ഒരു വര്‍ഷം കഴിഞ്ഞാണ് ആക്രമണം ഐ.എസിനെതിരെയാക്കിയത്.
ട്വിറ്ററിലൂടെ ഒരു വരി മാത്രം കുറിച്ചാണ് ഇതുസംബന്ധിച്ച് ട്രംപ് അറിയിപ്പു നല്‍കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാണ് റിപ്പബ്ലിക്ക് അംഗങ്ങളടക്കമുള്ള യു.എസ് കോണ്‍ഗ്രസിന്റെ ആവശ്യം.
ഐ.എസിനെ തുരത്തുന്നതു മാത്രമായിരുന്നില്ല സിറിയയില്‍ യു.എസിന്റെ ജോലിയെന്നാണ് ഇവര്‍ പറയുന്നത്. സിറിയയില്‍ സുസ്ഥിരമായ സര്‍ക്കാര്‍ സംവിധാനമോ ഭരണഘടനയോ ഉണ്ടാക്കാതെയാണ് പിന്മാറ്റം.
സിറിയ ഭരിക്കുന്ന ബഷാര്‍ അല്‍ അസദിനും അവരെ പിന്തുണയ്ക്കുന്ന റഷ്യയ്ക്കും ഇറാനും പിന്തുണ നല്‍കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നും വിമര്‍ശനമുന്നയിക്കുന്നവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."