ടോട്ടനവും ചെല്‍സിയും സെമിയില്‍
ലണ്ടന്‍: ഇ.എഫ്.എല്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗണ്ണേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ടോട്ടനം സെമിഫൈനലില്‍ കടന്നു. സ്വന്തം മൈതാനത്ത് മികച്ച പ്രകടനം കാഴ്ചവച്ച ആഴ്‌സനലിന് കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാനാവാതെ പോയതാണ് തിരിച്ചടിയായത്. ഗോള്‍വലക്ക് മുന്‍പിലെ ടോട്ടനം ഗോള്‍കീപ്പര്‍ പൗളോ ഗസ്സാനിഗയുടെ തകര്‍പ്പന്‍ പ്രകടനവും ആഴ്‌സനസലിന്റെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി. ടോട്ടനത്തിന് വേണ്ടി ഹ്യൂങ് മിന്‍ സണ്‍, ഡെലി അലി എന്നിവര്‍ ഗോള്‍ കണ്ടെത്തി.
മികച്ച മത്സരമായിരുന്നു ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ 55 ശതമാനവും പന്ത് കൈവശംവച്ച് കളിച്ച ആഴ്‌സനല്‍ പക്ഷേ ഗോള്‍നേടാന്‍ മറന്നു. മിഖിതാര്യനും ഒബമായാങ്ങും സുവര്‍ണാവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതില്‍ മത്സരിച്ചപ്പോള്‍ ടോട്ടനം കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചു. 20ാം മിനുട്ടില്‍ സണ്‍ ആണ് ആഴ്‌സനലിന്റെ വിധി എഴുതിയ ഗോള്‍ നേടിയത്. മൈതാനത്തിന്റെ മധ്യത്തില്‍നിന്ന് ഡെലി അലി ഉയര്‍ത്തി നല്‍കിയ പന്ത് സ്വീകരിച്ച സണ്‍ ഇടംകാലു കൊണ്ട് തൊടുത്ത ഷോട്ട് തടുക്കാന്‍ പീറ്റര്‍ ചെക്കിന് കഴിഞ്ഞില്ല. ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതിയില്‍ കളംവിട്ട ടോട്ടനം രണ്ടാം പകുതിയില്‍ ലീഡ് ഇരട്ടിയാക്കി. ഹാരി കെയിനിന്റെ അസിസ്റ്റില്‍ നിന്ന് 59ാം മിനുട്ടില്‍ ഡെലി അലിയാണ് പീറ്റര്‍ ചെക്കിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് മനോഹരമായ ഗോള്‍ നേടിയത്.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ബേണ്‍മൗത്തിനെ 1-0ത്തിന് പരാജയപ്പെടുത്തി ചെല്‍സിയും സെമിഫൈനലില്‍ പ്രവേശിച്ചു. 84ാം മിനുട്ടില്‍ ഈഡന്‍ ഹസാര്‍ഡാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. സെമിഫൈനലില്‍ ചെല്‍സി ടോട്ടനത്തിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബേര്‍ട്ടണ്‍ ആല്‍ബിയനെയും നേരിടും. ജനുവരി എട്ടിനാണ് ആദ്യപാദ സെമിഫൈനല്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."