യു.കെയില്‍ വിമാനത്താവളത്തില്‍ ഡ്രോണുകള്‍; സര്‍വിസ് നിര്‍ത്തിവച്ചു
ലണ്ടന്‍: യു.കെയില്‍ തിരക്കേറിയ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിനു മുകളിലൂടെ ഡ്രോണ്‍ പറന്നതിനെ തുടര്‍ന്ന് വിമാന സര്‍വിസുകള്‍ റദ്ദാക്കി. ബുധനാഴ്ചയാണ് രണ്ട് ഡ്രോണുകള്‍ വിമാനത്താവളത്തിലൂടെ പറക്കുന്നതു കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് അര്‍ധരാത്രി മുതല്‍ വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു.
എന്നാല്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിന് പ്രവര്‍ത്തനം ആരംഭിച്ചു. 45 മിനിട്ടുകള്‍ക്ക് ശേഷം വീണ്ടും ഡ്രോണുകളെ കണ്ടെത്തിയെന്നും സുരക്ഷ ഉറപ്പിക്കാനാവാത്തതിനാല്‍ വിമാനത്താവളം തുറക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച മാത്രം 1,10,000 യാത്രക്കാരെയാണ് സര്‍വിസ് മുടക്കിയത് ബാധിച്ചത്. ഇന്നലെ വൈകിയും സര്‍വിസ് പുനഃരാരംഭിച്ചിട്ടില്ല.
സംഭവത്തിനു പിന്നില്‍ തീവ്രവാദവുമായി ബന്ധമില്ലെന്നും എന്നാല്‍ മനപ്പൂര്‍വമുള്ള പ്രവര്‍ത്തിയാണെന്നും സസെക്‌സ് പൊലിസ് പറഞ്ഞു. ഡ്രോണ്‍ ഓപറേറ്റര്‍മാരെ കണ്ടെത്താനായി പൊലിസ് അന്വേഷണം ആരംഭിച്ചെന്ന് ഗാറ്റ്‌വിക്ക് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ക്രിസ് വുഡ്‌റൂഫ് പറഞ്ഞു.
വെടിയുണ്ടകള്‍ വ്യതിചലിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രോണുകള്‍ വെടിവച്ചിടാന്‍ പൊലിസ് തയാറല്ല. റണ്‍വേക്ക് വളരെ അടുത്തായി ഡ്രോണുകള്‍ കണ്ടെത്തിയതിനാല്‍ വിമാനത്താവളം തുറക്കുന്നതു സുരക്ഷിതമല്ല. സര്‍വിസുകള്‍ ആരംഭിച്ചാല്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്നും ഇതിനായി ദിവസങ്ങളെടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച മാത്രമായി 10,000 യാത്രക്കാരെയാണ് സര്‍വിസ് മുടങ്ങിയതു ബാധിച്ചത്. ഗാറ്റ്‌വിക്കിലേക്കുള്ള വിമാനങ്ങളെ ഹിത്രു, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌കോ, പാരിസ്, ആംസ്റ്റര്‍ഡാം, കാര്‍ഡിഫ് തുടങ്ങിയ വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. ആയിരക്കണക്കിനു പേരാണ് വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ കാത്തിരിക്കുന്നത്.
യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ക്കായി കൂടുതല്‍ സ്റ്റാഫിനെ നിയോഗിച്ചെന്നും കഴിവിന്റെ പരമാവധി സഹായങ്ങള്‍ ചെയ്യുമെന്നും ഗാറ്റ്‌വിക്ക് വിമാനത്താവള വക്താവ് പറഞ്ഞു. അസാധാരണമായ സാഹചര്യങ്ങളാണുള്ളതെന്ന് യു.കെ വ്യോമയാന മന്ത്രാലയം പറഞ്ഞു. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിമാന കമ്പനികള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."