പട്ടേലിന്റെ വിജയം കോണ്‍ഗ്രസിന് പുത്തനുണര്‍വ്
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ വിജയം കോണ്‍ഗ്രസിന് നല്‍കുന്നത് പുതിയ ഊര്‍ജം. തുടര്‍ച്ചയായ തെരഞ്ഞെടുപ്പു പരാജയങ്ങള്‍ക്കു ശേഷം ബി.ജെ.പിയുടെ ചക്രവ്യൂഹം ഭേദിച്ച അഹമ്മദ് പട്ടേലിന്റെ വിജയം യഥാര്‍ഥത്തില്‍ കനത്ത തിരിച്ചടിയായത് പ്രധാനമന്ത്രി മോദിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമാണ്.
മോദിയും അമിത്ഷായും അവരുടെ സ്വന്തം തട്ടകമെന്ന് അവകാശപ്പെട്ട ഗുജറാത്തില്‍ അഹമ്മദ് പട്ടേലിന്റെ വിജയം കനത്ത ആഘാതമാണ് ബി.ജെ.പിക്കുണ്ടാക്കിയത്.
കോണ്‍ഗ്രസിന്റെ തന്ത്രങ്ങളുടെ ആചാര്യനായി വിശേഷിപ്പിക്കപ്പെടുന്ന പട്ടേലിനെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തണമെന്ന അമിത്ഷായുടെ നിര്‍ബന്ധമാണ് കാര്യമായ വാര്‍ത്താപ്രാധാന്യം ലഭിക്കാത്ത ഒരുരാജ്യസഭാ സീറ്റിനെചൊല്ലിയുള്ള ഉദ്വേഗങ്ങള്‍ക്ക് വഴിവച്ചത്. ഇത് ഇന്നലെ പുലര്‍ച്ചെവരെ പാര്‍ട്ടി നേതൃത്വങ്ങളെ മാത്രമല്ല രാഷ്ട്രീയ രംഗത്തെപ്പോലും മുള്‍മുനയില്‍ നിര്‍ത്തി.
അമിത്ഷായുടെ ആദ്യ രാജ്യസഭാപ്രവേശനമാണിത്. ആദ്യമായി രാജ്യസഭയിലെത്തുമ്പോള്‍ അഹമ്മദ് പട്ടേല്‍ സഭയിലുണ്ടാവരുതെന്ന് അമിത്ഷാക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
നാടകീയതയും അനിശ്ചിതത്വവും നിലനിന്ന തെരഞ്ഞെടുപ്പിന് മുന്‍പായി കുതിരക്കച്ചവടം നടത്തി പ്രതിപക്ഷ എം.എല്‍.എമാരെ അടര്‍ത്തിയെടുത്തെങ്കിലും ഇന്നലെ പുലര്‍ച്ചെ പുറത്തുവന്ന ഫലം ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ്.
ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചതോടെയാണ് പട്ടേലിന്റെ വിജയം അനിശ്ചിതത്വത്തിലായത്. കോണ്‍ഗ്രസിലെ വിമതനീക്കങ്ങളെ ശക്തമായി പ്രോല്‍സാഹിപ്പിച്ചാണ് പട്ടേലിന്റെ ഉറപ്പായ വിജയത്തെ ബി.ജെ.പി തുലാസിലാക്കിയത്. ഓരോ എം.എല്‍.എമാര്‍ക്കും 15 കോടി രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
കൂടുതല്‍ എം.എല്‍.എമാര്‍ കൂറുമാറുമെന്ന് ഭയന്ന കോണ്‍ഗ്രസ് 44 എം.എല്‍.എമാരെ ഒരാഴ്ചയോളം ബംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലേക്കു മാറ്റി അമിത്ഷായുടെ 'റാഞ്ചലില്‍' നിന്നു രക്ഷിച്ചു. വോട്ടെടുപ്പില്‍ ബാലറ്റ് പേപ്പര്‍ അമിത്ഷായ്ക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ച വിമത എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതുമുതല്‍ അനിശ്ചിതത്വം തുടങ്ങി.
കോണ്‍ഗ്രസിന്റെ നീക്കത്തെ ചെറുക്കാന്‍ ആറു കേന്ദ്രമന്ത്രിമാരെ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് വിട്ട് ബി.ജെ.പി കനത്ത സമ്മര്‍ദംചെലുത്തുകയുംചെയ്തു.
പുലര്‍ച്ചെ കോണ്‍ഗ്രസിന്റെ വാദം അംഗീകരിച്ച് വിമതരുടെ രണ്ടുവോട്ട് അസാധുവാക്കിയതോടെ പാര്‍ട്ടി ഏറെക്കുറേ ജയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വോട്ടെണ്ണാന്‍ തുടങ്ങിയത്.
കാലുമാറിയ രണ്ടുകോണ്‍ഗ്രസ് വിമതരുടെ വോട്ട് കമ്മിഷന്‍ അസാധുവാക്കിയതും വിമത ബി.ജെ.പി എം.എല്‍.എ നളിന്‍ ഭായ് കൊട്ടാഡി വോട്ടുചെയ്തതുമാണു പട്ടേലിന്റെ വിജയം ഉറപ്പാക്കിയത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ വരുതിയിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിനു കനത്ത തിരിച്ചടിയുമായി വിമത ബി.ജെ.പി എം.എല്‍.എയുടെ ക്രോസ് വോട്ട്.
ഇദ്ദേഹത്തെ പാര്‍ട്ടിയിലേക്കു ക്ഷണിച്ച കോണ്‍ഗ്രസിന്റെ നടപടിയും ബി.ജെ.പിക്ക് ആഘാതമായി. പ്രതിപക്ഷത്തെ ചാക്കിട്ടുപിടിക്കുന്നതിനിടെ സ്വന്തം എം.എല്‍.എമാരെ കൂടെനിര്‍ത്താന്‍ മറന്നതാണ് നളിന്‍ ഭായ് കൊട്ടാഡികോണ്‍ഗ്രസിന് വോട്ട്‌ചെയ്യുന്നതിലെത്തിയത്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നിര്‍ദേശം മറികടന്ന് ഗുജറാത്തിലെ ഏക ജെ.ഡി.യു എം.എല്‍.എയും പട്ടേലിന് വോട്ട്‌ചെയ്തു.
പാര്‍ട്ടിയില്‍ ഏകാധിപത്യശൈലി തുടരുന്ന മോദി- അമിത്ഷാ കൂട്ടുകെട്ടിന് ചെറുതെങ്കിലുമുള്ള തിരിച്ചടി കൂടിയാണ് ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."