അക്കൗണ്ടിങ് ടെക്‌നീഷ്യന്‍ കോഴ്‌സിന് അപേക്ഷിക്കാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്‌നീഷ്യന്‍ കോഴ്‌സിന് (ക്യാറ്റ്) അപേക്ഷിക്കാം. കാര്യക്ഷമതയുള്ള അക്കൗണ്ടന്റുമാരെ വാര്‍ത്തെടുക്കുന്നതിനു വിഭാവനം ചെയ്ത കോവ്‌സാണിത്. ഏതെങ്കിലും ഗ്രൂപ്പില്‍ പ്ലസ്ടുവിനു പഠിക്കുന്നവര്‍ക്കും പ്ലസ്ടു പാസായവര്‍ക്കും ഡിഗ്രിക്കു പഠിക്കുന്നവര്‍ക്കും ഈ കോഴ്‌സിനു ചരാം. പ്ലസ്ടു പരീക്ഷ പാസായ ശേഷമേ ക്യാറ്റ് പരീക്ഷ എഴുതാന്‍ സാധിക്കൂ.
ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, വ്യാപാ-വ്യവസായ നിയമങ്ങള്‍, കോസ്റ്റ് പ്രിന്‍സിപ്പിള്‍സ് ഉപയോഗിച്ചുള്ള കോസ്റ്റ് സ്റ്റേറ്റ്‌മെന്റുകള്‍ തയാറാക്കുന്ന രീതി മുതലായവയാണ് ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ കംപ്യൂട്ടര്‍ പരിശീലനം, ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പരിശീലനം, പ്രാക്ടിക്കല്‍ പരിശീലനം എന്നിവയും നല്‍കും. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, അപ്ലൈഡ് ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ലോസ്, സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, ഫണ്ടമെന്റല്‍ ഓഫ് കംപ്യൂട്ടേഴ്‌സ് എന്നിവയാണ് കോഴ്‌സ് വിഷയങ്ങള്‍.
വിദ്യാര്‍ഥികള്‍ക്ക് അധിക തൊഴില്‍ശേഷി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ഭാഗമായി 'ക്യാറ്റ് ' കോഴ്‌സ് നടത്തുന്നതുകൂടാതെ ഐ.സി.എ.ഐയുടെ കൊച്ചി, കോട്ടയം, തൃശൂര്‍, പാലക്കാട് ചാപ്റ്ററുകളിലും ഈ കോഴ്‌സ് നടത്തുന്നുണ്ട്.
അക്കൗണ്ടിങ് ക്ലര്‍ക്ക്, അക്കൗണ്ടിങ് അസോസിയേറ്റ്, അക്കൗണ്ടന്റ്, ജൂനിയര്‍ ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോ ഓപറേറ്റീവ് സൊസൈറ്റികള്‍, കോ ഓപറേറ്റീവ് ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ അക്കൗണ്ടന്റുമാരായി ക്യാറ്റ് പാസായവര്‍ക്കു ജോലി സാധ്യതയുണ്ട്. പരീക്ഷ പാസാകുന്നവര്‍ക്ക് ഐ.സി.എ.ഐയുടെ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി കോഴ്‌സിന്റെ (സി.എം.എ) ഇന്റര്‍മീഡിയറ്റ് തലത്തില്‍ നേരിട്ടു ചേരാം.
കോഴ്‌സിനുശേഷം ഓണ്‍ലൈനില്‍ അഖിലേന്ത്യാതലത്തില്‍ ഒറ്റ ദിവസമാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.എ.ഐ ചാപ്റ്ററുകളുമായി ബന്ധപ്പെടുക: തിരുവനന്തപുരം 0471 2723579, കൊച്ചി 0484 2400130, കോട്ടയം 0481 2563237, തൃശൂര്‍ 0487 3292440, പാലക്കാട് 0491 2506097.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."