ജലസംബന്ധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി മന്ത്രിക്ക് എം.എല്‍.എയുടെ കത്ത്
പാലക്കാട്: നെല്‍ച്ചെടിയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ ആവശ്യമായ ജലം നിശ്ചിത അളവില്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് മണ്ഡലത്തില്‍ ആരംഭിച്ച വിള കലണ്ടറിന്റെ അംഗീകാരം ഉള്‍പ്പെടെ ജലസംബന്ധമായ വിവിധ വിഷങ്ങള്‍ ഉള്‍പ്പെടുത്തി കെ.ഡി പ്രസേനന്‍ എം.എല്‍.എ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ക്കുട്ടിക്ക് കത്ത് നല്‍കി.
മണ്ഡലത്തിലെ നിറ പദ്ധതി പ്രകാരമാണ് വിളകലണ്ടര്‍ തയാറാക്കിയിരിക്കുന്നത്. മലമ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുളള എല്‍.ബി.സിയിലെ എരിമയൂര്‍ ബ്രാഞ്ച് കനാലിലെ വാലറ്റ പ്രദേശത്ത് ജലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, 1974 ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് മലമ്പുഴയില്‍ എല്‍.ബി.സി.യില്‍നിന്നും നിശ്ചിത അളവില്‍ വെള്ളം ചേരാമംഗലം ആയക്കെട്ടിലേയ്ക്ക ടേണ്‍ അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിക്കുന്നു.
മഴക്കുറവുള്ളപ്പോഴും ഗായത്രി പുഴയുടെ ഒഴുക്ക് കുറഞ്ഞാലും മലമ്പുഴയില്‍ എല്‍.ബി.സിയില്‍നിന്നുള്ള വെള്ളം കൊണ്ടുതന്നെ ചേരാമംഗലം ആയക്കെട്ട് പ്രദേശത്തെ മുഴുവന്‍ നെല്‍കൃഷിക്കും ജലസേചനം സാധ്യമാണെങ്കിലും ടേണ്‍ സംവിധാനത്തിന്റെ അഭാവത്തില്‍ ലഭിക്കുന്ന വെളളത്തിന്റെ അളവില്‍ കുറവ് വരുന്നു. അതിനാലാണ് ടേണ്‍ സംവിധാനത്തിന്റെ ആവശ്യകത എം.എല്‍.എ കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. മലമ്പുഴ എല്‍.ബി.സിയില്‍നിന്നും ലഭിക്കുന്ന ജലത്തിന്റെ അളവ് മോണിറ്റര്‍ ചെയ്യുന്നതിനായി പല്ലാവൂര്‍ കനാലില്‍ കൂടല്ലൂര്‍ ഷട്ടറിന് സമീപം വിനോച്ച് സ്ഥാപിക്കണം.
ചേരാമംഗലം ഹെഡ്ഷട്ടറിന് സമീപവും വി-നോച്ച്് സ്ഥാപിച്ച് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കണക്കാക്കേണ്ടതാണെന്നും കത്തില്‍ പറയുന്നു. ജലവിതരണം കാര്യക്ഷമമാക്കുന്നതിനായി വെയറിലെ ലീക്ക് തടയുക, മെയിന്‍ കനാല്‍, സ്ലൂയിസ് എന്നിവ പുനസ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ച 3.5 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കുക. പങ്കാളിത്തജലവിഭവ പരിപാലനം നടത്തുന്നതിനും ജലവിതരണം കാര്യക്ഷമമാക്കുന്നതിനുമായി ബ്രാഞ്ച്-സ്ലൂയിസ് അടിസ്ഥാനത്തില്‍ വാട്ടര്‍ യൂസേഴ്‌സ് അസോസിയേഷന്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കുക, മംഗലംഡാമിലെ ചെളി നീക്കംചെയ്ത് ജലസംഭരണശേഷി വര്‍ധിപ്പിക്കുന്നതിനാശ്യമായ നടപടികള്‍ സ്വീകരിക്കുക, കിഴക്കഞ്ചേരി പഞ്ചായത്തിലെ കരിങ്കയം(മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) 100 ഏക്കറിലധികം സ്ഥലത്ത് ജലം സംഭരിച്ച് ജലസേചനം നിര്‍വഹിച്ച് വന്നിരുന്നെങ്കിലും പ്രളയത്തില്‍ ഡാം തകര്‍ന്ന് സംഭരണശേഷി 25 ഏക്കറായി ചുരുങ്ങിയത് പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങള്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."