അര്‍ബുദ വേദനയെ വര്‍ണങ്ങള്‍ കൊണ്ടു തോല്‍പ്പിക്കുന്നു ഈ വീട്ടമ്മ
കാഞ്ഞങ്ങാട്: അര്‍ബുദം തളര്‍ത്തുന്ന അവശതകളെ വരകളിലൂടെയും വര്‍ണങ്ങളിലൂടെയും മറക്കാന്‍ ശ്രമിക്കുകയാണു വാഴുന്നോറടിയിലെ സരോജനിയെന്ന വീട്ടമ്മ. വരയിലൂടെ തന്റെ വേദനയെ മറികടക്കുന്ന സരോജിനിയുടെ ജീവിതം അര്‍ബുദ ബാധിതര്‍ക്കു പ്രചോദനവും പ്രതീക്ഷയുമായി മാറുന്നു.
ചിത്രരചനയില്‍ പരിശീലനമൊന്നും നേടിയിട്ടില്ലാത്ത സരോജിനിയുടെ ചിത്രങ്ങള്‍ പ്രഫഷണല്‍ ചിത്രകാരന്‍മാരുടെ ചിത്രങ്ങളോടു കിടപിടിക്കുന്നതാണെന്നതാണു വസ്തുത. കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ.ഗംഗാധരന്റേത് ഉള്‍പ്പടെ അന്‍പതോളം ചിത്രങ്ങള്‍ സരോജിനി വരച്ചു കഴിഞ്ഞു. പെന്‍സില്‍ ഡ്രോയിങാണു മാധ്യമം.
ചിത്രരചനക്കു കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നുവെന്നതു സരോജിനിക്കു ശക്തി പകരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ നീലാംബരിയെ ചെറുപ്പത്തില്‍ ചിത്രകലാ വിദ്യാലയത്തില്‍ കൊണ്ടു വിടുന്നത് അമ്മ സരോജിനിയാണ്. അവിടെ നിന്നാന്നു ചിത്രരചനയ്ക്കുള്ള പ്രചോദനമുണ്ടായത്.
തന്റെ വിജയത്തിനു പിന്നിലെ ഏറ്റവും വലിയ ശക്തി അമ്മയാണെന്നു ചിത്രരചനയില്‍ സംസ്ഥാനതലത്തിലടക്കം മികവു തെളിയിച്ച മകള്‍ നീലാംബരി പറയുന്നു.
വീട്ടില്‍ തയ്യല്‍ ജോലി ചെയ്തു വരികയായിരുന്ന സരോജിനി ഒരു വര്‍ഷം മുമ്പാണു രോഗത്തിന്റെ പിടിയിലായത്. ചികിത്സ കഴിഞ്ഞുളള വീട്ടിലെ വിശ്രമവേളയിലാണു സരോജിനി വീണ്ടും വരയ്ക്കാന്‍ തുടങ്ങിയത്.
ചിത്രം വരക്കാന്‍ ഇരുന്നാല്‍ തന്റെ വേദനകളെയെല്ലാം മറക്കുന്നുവെന്നു സരോജിനി പറയുന്നു. ആത്മവിശ്വാസമാണ് അതിജീവനത്തിനുളള മാര്‍ഗമെന്ന് അടിവരയിടുകയാണ് ഈ വീട്ടമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."