വയോമിത്രം പദ്ധതി: വടക്കാഞ്ചേരിയില്‍ 20 ആരോഗ്യ പരിശോധനാ കേന്ദ്രങ്ങള്‍
വടക്കാഞ്ചേരി: വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യ സുരക്ഷിതത്വവും ഉറപ്പാക്കുന്ന വയോമിത്രം പദ്ധതി വടക്കാഞ്ചേരി നഗരസഭയില്‍ ആരംഭിക്കുന്നു.
41 ഡിവിഷനുകള്‍ക്കായി 20 ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജീകരിയ്ക്കും. പുതുരുത്തി വായനശാല, പി.എച്ച്.സി, കുമ്പളങ്ങാട് വായനശാല, പടിഞ്ഞാറ്റു മുറി അങ്കണവാടി, മിച്ചഭൂമി അങ്കണവാടി, വടക്കാഞ്ചേരി ഗവണ്‍മെന്റ് ഗേള്‍സ് എല്‍.പി സ്‌കൂള്‍, പരുത്തിപ്ര അങ്കണവാടി, ചുള്ളിക്കാട് അങ്കണവാടി, അകമല മാരാത്ത് കുന്ന് ആരോഗ്യ കേന്ദ്രം, എങ്കക്കാട് വായനശാല, മംഗലം അങ്കണവാടി, റെയില്‍വേ അങ്കണവാടി, പത്താംകല്ല് അങ്കണവാടി, മിണാലൂര്‍, പാര്‍ളിക്കാട്, അമ്പലപുരം, മുണ്ടത്തിക്കോട് ഉപകേന്ദ്രങ്ങള്‍, ആര്യംപാടം പകല്‍ വീട്, പെരിങ്ങണ്ടൂര്‍ വായനശാല എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുക.
60 വയസ് പൂര്‍ത്തിയായവര്‍ക്ക് മരുന്ന് നല്‍കുന്നതോടൊപ്പം രക്തസമ്മര്‍ദം, പ്രമേഹം, മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍, വാര്‍ധക്യ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിശോധനയും ചികിത്സയും ഈ കേന്ദ്രങ്ങളില്‍ ഉറപ്പാക്കും. വയോജന ക്ലബുകള്‍ക്കും രൂപം നല്‍കും. കേന്ദ്രങ്ങളിലേക്കുള്ള ഡോക്ടറേയും മറ്റ് ജീവനക്കാരേയും സാമൂഹ്യ നീതി വകുപ്പ് നിയമിച്ചിട്ടുണ്ട്. ഇതിലേക്കായി 10 ലക്ഷം രൂപ നഗരസഭ സാമൂഹിക നിതീ വകുപ്പിന് കൈമാറി.
30 ലക്ഷം രൂപയുടെ മരുന്നുകളാണ് വകുപ്പ് നല്‍കുക. ഉദ്ഘാടനം ശനിയാഴ്ച്ച നടക്കും.
കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."