രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: ജിഗ്നേഷ് മേവാനി
കോഴിക്കോട്: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു. മൗലാനാ അബുല്‍ കലാം ആസാദ് ഫൗണ്ടേഷന് സംഘടിപ്പിച്ച സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം ഫാസിസമാണ്. സി.ബി.ഐ, റിസര്‍വ് ബാങ്ക് തുടങ്ങി മുഴുവന്‍ സ്ഥാപനങ്ങളെയും കേന്ദ്രസര്‍ക്കാര്‍ ഫാസിസ്റ്റ് വല്കരിക്കുകയാണ്.
തൊഴിലില്ലായ്മ, ദാരിദ്ര്യം, ആള്‍ക്കൂട്ട ആക്രമണം തുടങ്ങിയവ രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഫാസിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍നിന്നു മാറ്റി നിര്‍ത്താന്‍ മതേതര ശക്തികള്‍ കൂട്ടായി രംഗത്തിറങ്ങണമെന്നും ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.
ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന് പ്രസിഡന്റ് എം.കെ ബീരാന് അധ്യക്ഷനായി. ജന. സെക്രട്ടറി നിസാര്‍ ഒളവണ്ണ, ഹംസക്കോയ കോനാരി, എം.പി രാമകൃഷ്ണന്, അഡ്വ.എം. രാജന് പ്രസംഗിച്ചു. യൂത്ത് ലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി സി.കെ സുബൈര്‍ മോഡറേറ്ററായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."