പാരമ്പര്യത്തിന്റെ പ്രഭ കെടുത്തി സപ്തതി ആഘോഷത്തിന് തുടക്കം
തൃശൂര്‍: ഏഴ് പതിറ്റാണ്ടുകള്‍ കൊണ്ട് സൃഷ്ടിച്ച പാരമ്പര്യത്തിന്റെ പ്രഭ കെടുത്തി ശ്രീകേരളവര്‍മ്മ കോളജില്‍ സപ്തതി ആഘോഷത്തിന് തുടക്കമായി.
കൊട്ടിഘോഷിക്കപ്പെട്ട മൂന്ന് ദിവസത്തെ സപ്തതിയാഘോഷം ഉദ്ഘാടനം ചെയ്തത് കോളജ് മാനേജരായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
പച്ച പുതച്ച കേരളവര്‍മ്മയെ അടുത്തും അകലെ നിന്നും അറിയുന്ന എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നിട്ടും മൂന്ന് മന്ത്രിമാരെയാണ് സംഘാടകര്‍ ഉദ്ഘാടനത്തിനായി കണ്ടെത്തിയത്.
ആദ്യം മുഖ്യമന്ത്രിയെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചത്. അദ്ദേഹം അസൗകര്യം അറിയിച്ചതോടെ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു അടുത്ത ഊഴം. അദ്ദേഹത്തിന്റെ പേര് വെച്ച് നോട്ടിസും ഇറക്കി. നിയമസഭ നടക്കുന്നതിനാല്‍ അദ്ദേഹവും ഒഴിഞ്ഞതോടെ മന്ത്രി എ.സി മൊയ്തീനെയാണ് നിശ്ചയിച്ചത്. മന്ത്രി മൊയ്തീനും നിയമസഭയില്‍ പങ്കെടുക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇന്നലെ ഉദ്ഘാടകനായി അദ്ദേഹത്തെ നിശ്ചയിച്ചതും. കേരളവര്‍മ്മയുടെ സപ്തതി ആഘോഷത്തിന്റെ നിറം കെടുത്തുക തന്നെയായിരുന്നു സംഘാടകരില്‍ ചിലരുടെ ലക്ഷ്യമെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
സംഘാടനത്തിലെ പിഴവുകളെക്കുറിച്ചും ആക്ഷേപമുണ്ട്. അധ്യാപകരും മുന്‍ അധ്യാപകരുമാണ് സംഘാടകസമിതിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നത്.
ഇവര്‍ക്കിടയിലെ ചേര്‍ച്ചക്കുറവും മുന്‍ മേയര്‍ കൂടിയായ അധ്യാപിക തന്റെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നതും മറ്റ് അധ്യാപകര്‍ക്കിടയില്‍ അവമതിപ്പിന് ഇടയാക്കിയിരുന്നു. പലരും പരസ്യമായിത്തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രത്യേകം കമ്മിറ്റികള്‍ നിശ്ചയിച്ച് അംഗങ്ങളെ തീരുമാനിച്ചെങ്കിലും അംഗങ്ങളെ വിളിച്ചുകൂട്ടി ഒരു യോഗം നടത്താന്‍ പോലും തലപ്പത്തിരിക്കുന്നവര്‍ തയാറായിട്ടില്ല.
ഇവന്റ് മാനേജ്‌മെന്റിനെ ഏല്‍പ്പിക്കുന്നതായിരുന്നു ഇതിലും ഭേദമെന്നാണ് ഒരു അധ്യാപിക പ്രതികരിച്ചത്.
ഇന്നും നാളേയും ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ തന്നെയാണ് ഉദ്ഘാടകരായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനായി കോളജിലെ മുന്‍ എസ്.എഫ്.ഐ നേതാവായിരുന്ന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി ചാനല്‍ മേധാവിയുമായ ജോണ്‍ ബ്രിട്ടാസിനെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇതിലും സംഘാടകര്‍ക്കിടയില്‍ എതിര്‍പ്പുകളുണ്ട്. എന്നാല്‍ ഈ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ജോണ്‍ ബ്രിട്ടാസിനെ ഉദ്ഘാടകനായി എത്തിക്കുന്നത്. അര്‍ഹരായ പലരേയും ഒഴിവാക്കിയതിന്റെ പേരിലും നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."