ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം: അന്വേഷിക്കാന്‍ വിദഗ്ധ സമിതി, ഇന്ന് റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിനടപടി തുടങ്ങി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ.ശ്രീകുമാരി, തിരുവനന്തപുരം ജനറല്‍ ആശുപത്രി അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വിപിന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെയാണ് ആരോഗ്യവകുപ്പ് നിയോഗിച്ചത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഇവരോടാവശ്യപ്പെട്ടു. സമിതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.
ആരോപണ വിധേയമായ കൊല്ലത്തെ ആശുപത്രികളായ മെഡിസിറ്റി മെഡിക്കല്‍ കോളജ്, മെഡിട്രിന, മിയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ്,തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ഉള്ളൂര്‍ എസ്.യു.ടി റോയല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സമിതി സന്ദര്‍ശനം നടത്തി. ഇവിടങ്ങളിലെ രേഖകള്‍ പിടിച്ചെടുക്കുകയും അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരില്‍ നിന്നും മറ്റു നഴ്‌സിങ് സ്റ്റാഫുകളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."