പൊതുശൗചാലയങ്ങളില്ല; യാത്രക്കാര്‍ ആശങ്കയില്‍
ഒലവക്കോട്: നഗരത്തിലും പരിസരങ്ങളിലും ആദ്യകാലങ്ങളിലുണ്ടായിരുന്ന പൊതുശൗചാലയങ്ങള്‍ അടച്ചതോടെ നഗരത്തിലെത്തുന്ന യാത്രക്കാരുടെ ശങ്കയകറ്റാന്‍ ആശങ്കയിലാവുകയാണ്. അയ്യാപുരം, ചെട്ടിതെരുവ്, സ്റ്റേഡിയം സ്റ്റാന്‍ഡ് എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ നഗരസഭ പൊതുശൗചാലയങ്ങള്‍ നേരത്തെ സ്ഥാപിച്ചിരുന്നുവെങ്കില്‍ ഇതെല്ലാം ഇപ്പോള്‍ ഓര്‍മയില്‍ മാത്രമായിരിക്കുകയാണ്. സ്റ്റേഡിയം സ്റ്റാന്‍ഡിലുണ്ടായിരുന്ന പൊതുശൗചാലയം പിന്നീട് താല്‍കാലിക ബസ്സ്റ്റാന്‍ഡ് വന്നതോടെ പണം വാങ്ങിയുള്ള സമ്പ്രദായമായിരുന്നു.
എന്നാല്‍ സ്റ്റേഡിയം സ്റ്റാന്‍ഡ് സജ്ജമായത്തോടെ ഇതിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. സമീപത്ത് രാത്രികാലത്ത് വര്‍ക്ക് ചെയ്യുന്ന ബസുകളും ബിവറേജ് ഗോവണിയിലേയ്ക്കുള്ള ചരക്കുവാഹനത്തിലെ ജീവനക്കാരും ഇതരസംസ്ഥാനക്കാരുമൊക്കെ ഈ ശൗചാലയത്തെ ആശ്രയിച്ചിരുന്നു. എന്നാലിപ്പോള്‍ മാസങ്ങളായി ഇത് അടഞ്ഞു കിടക്കുകയാണ്.
അയ്യാപ്പുരത്തുണ്ടായിരുന്ന ശൗചാലയം വര്‍ഷങ്ങള്‍ക്കു മുന്‍പ് അടച്ചുപൂട്ടി. ചെട്ടിതെരുവിലാകട്ടെ കംഫര്‍ട്ട് സ്റ്റേഷന്‍ നിന്നഭാഗത്ത് കമ്യൂനിറ്റി ഹാള്‍ പണിതെങ്കിലും ഇവിടുത്തെ കാര്യങ്ങളും പലവിധത്തിലാണ്. സ്റ്റാന്‍ഡുകളിലെ ശൗചാലയത്തില്‍ ഒന്നിനു പോകണമെങ്കില്‍ രണ്ടു രൂപയും രണ്ടിനു പോകണമെങ്കില്‍ ആറുരൂപയും കൊടുത്താലും കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്.
ഒരു നൂറ്റാണ്ട് പഴക്കമുള്ള നഗരത്തില്‍ തിരക്കേറിയ കവലകള്‍ പലതുമുണ്ടെങ്കിലും എവിടെയും പൊതുശൗചാലയങ്ങളോ ഈ-ടോയ്‌ലറ്റുകളോ ഇല്ല. കോട്ടമൈതാനത്ത് ശൗചാലയമുണ്ടെങ്കിലും ഇത് പലപ്പോഴും അടഞ്ഞുകിടക്കുന്നത് യാത്രക്കാര്‍ക്ക് ശങ്കയകറ്റല്‍ പെരുവഴിയിലാക്കും. മിഷന്‍സ്‌കൂളില്‍ ഈ-ടോയ്‌ലറ്റ് സ്ഥാപിച്ചത് തുറക്കാന്‍ പറ്റാതെ പൊളിച്ചുമാറ്റുകയാണുണ്ടായത്. തിരക്കേറിയ കവലകളിലും സ്‌കൂള്‍-കോളജ് പരിസരത്തും യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപയോഗപ്രദമാകുന്ന തരത്തില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൊതുശൗചാലങ്ങള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."