എന്‍ട്രി വിസക്ക് 2000 റിയാല്‍; സഊദിയിലേക്കുള്ള വിസ സ്റ്റാംമ്പിംഗ് ചിലവേറും
റിയാദ്: സഊദിയിലേക്കുള്ള വിസക്ക് സര്‍ക്കാര്‍ നിരക്കു വര്‍ദ്ധിപ്പിച്ചതിനാല്‍ സഊദിയിലേക്കുള്ള വിസാ സമ്പ്രദായം കയ്പ്പേറും. ഏതൊരു പുതിയ വിസക്കും 2,000 സഊദി റിയാല്‍ നല്‍കണമെന്ന വ്യവസ്ഥ വിദേശികള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരിക്കും. ഫാമിലി വിസ, കുടുംബ സന്ദര്‍ശക വിസ, ബിസിനസ് വിസ, തൊഴില്‍ വിസ, ഗാര്‍ഹിക തൊഴില്‍ വിസകള്‍, ഹജ്ജ് ഉംറ വിസ തുടങ്ങിയവക്കെല്ലാം അടുത്ത പുതിയ ഹിജ്റ വര്‍ഷാരംഭത്തോടെ (ഒക്ടോബര്‍ 2) പുതിയ നിയമം ബാധകമാണ്.
സഊദി മന്ത്രിസഭയുടെ തീരുമാനപ്രകാരം രാജ്യത്തേക്ക് വരുന്ന ഏത് തരം വിസക്കും 2000 റിയാല്‍ ബാധകമായിരിക്കും. എന്നാല്‍ ഹജ് ഉംറ വിസകളില്‍ ആദ്യതവണ ഇത് ഒഴിവാക്കിയിട്ടുണ്ട്. വ്യക്തികളുടെ പാസ്പോര്‍ട്ടിലാണ് കോണ്‍സുലേറ്റും എംബസിയും എന്‍ട്രി വിസ ചെയ്യുന്നത്. മന്ത്രിസഭ തീരുമാനപ്രകാരം ഇത്തരത്തില്‍ എന്‍ട്രി വിസകള്‍ പാസ്പോര്ട്ടില് പതിക്കുമ്പോള്‍ പാസ്പോര്‍ട്ടൊന്നിന് 2000 റിയാല്‍ (35000 രൂപ) നല്‍കേണ്ടി വരും.
പുതിയ നിയമത്തോടെ സഊദിയിലേക്ക് തങ്ങളുടെ ആശ്രിതരെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ചെറിയ കുടുംബത്തെ സന്ദര്‍ശനത്തിനായി കൊണ്ടു വരുമ്പോള്‍ 6000 റിയാല്‍ (110000 രൂപ) വിസ സ്റ്റാംപിങ്ങിനു മാത്രം നല്‍കേണ്ടി വരും പിന്നെ താമസ സൗകര്യവും വിമാന ടിക്കറ്റും പരിശോധിക്കുമ്പോള്‍ ഇത് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുക.
നിലവില്‍ തൊഴില്‍ വിസ, ഫാമിലി വിസ എന്നിവ സ്റ്റാംപ് ചെയ്യാന്‍ ഏകദേശം 8000 രൂപയും കുടുംബ സന്ദര്‍ശന വിസക്ക് 5000 രൂപയുമാണ് ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്നത്. പുതിയ നിയമം മൂലം 35000 രൂപയും കൂടി അധികം നല്‍കേണ്ടി വരും. വിസ സ്റ്റാമ്പിംഗ് നിരക്ക് ഗണ്യമായി കൂടുന്നതിനാല്‍ കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് അവരുടെ കുടുംബത്തെ ഒരിക്കലെങ്കിലും സഊദിയില്‍ എത്തിക്കുകയെന്ന ആഗ്രഹം സഫലമാകാതെ പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."