തങ്ക അങ്കി ഘോഷയാത്ര ആറന്മുളയില്‍നിന്ന് പുറപ്പെട്ടു; 27ന് മണ്ഡലപൂജ
പത്തനംതിട്ട: ശബരിമല അയ്യപ്പന് മണ്ഡലപൂജക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു. തങ്ക അങ്കി 26ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും. ഘോഷയാത്ര കടന്നുപോകുന്ന വിവിധ ക്ഷേത്രങ്ങളിലും പ്രധാന സ്ഥലങ്ങളിലും സ്വീകരണം നല്‍കും. ഇന്നലെ പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴു വരെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങാനായി തങ്ക അങ്കി ദര്‍ശനത്തിന് വച്ചിരുന്നു. രാവിലെ 7.18ന് ക്ഷേത്രത്തിന് കിഴക്കേ നടയില്‍ സജ്ജമാക്കിയിരുന്ന ശബരിമല ക്ഷേത്രത്തിന്റെ മാതൃകയില്‍ പണികഴിപ്പിച്ച രഥത്തിലേക്ക് തങ്ക അങ്കി മാറ്റി. തുടര്‍ന്ന് ഭക്തജനങ്ങളുടെയും ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും സായുധ പൊലിസ് സേനാംഗങ്ങളുടെയും അകമ്പടിയോടെ തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി ശങ്കര്‍ ദാസ്, എന്‍. വിജയകുമാര്‍, ദേവസ്വം കമ്മിഷനര്‍ എന്‍. വാസു, ജില്ലാ പൊലിസ് മേധാവി ടി. നാരായണന്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാ ദേവി സന്നിഹിതരായിരുന്നു. രാവിലെ ഏഴിന് ആറന്മുള കിഴക്കേ നടയില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. രാത്രി എട്ടിന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെത്തി ഒന്നാംദിവസത്തെ യാത്ര പൂര്‍ത്തിയാക്കി. 26ന് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍, ചാലക്കയം വഴി ഉച്ചയ്ക്ക് ഒന്നിന് പമ്പയില്‍ എത്തും.
ഉച്ചകഴിഞ്ഞ് മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട് ശരംകുത്തിയില്‍ എത്തും. ഇവിടെനിന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. വൈകിട്ട് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 27ന് ഉച്ചക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും.
തങ്ക അങ്കി സ്‌പെഷല്‍ ഓഫിസര്‍ എസ്. അജിത് കുമാര്‍, ആറന്മുള ദേവസ്വം അക്കൗണ്ടന്റ് വി. അരുണ്‍കുമാര്‍, സബ് ഗ്രൂപ്പ് ഓഫിസര്‍മാരായ വി. കൃഷ്ണയ്യര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 25 അംഗ ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തങ്ക അങ്കി രഥ ഘോഷയാത്ര നടക്കുന്നത്. ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ 70 അംഗ പൊലിസ് സംഘത്തിനാണ് തങ്ക അങ്കി രഥ ഘോഷയാത്രയുടെ സുരക്ഷാ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."