ജില്ലയില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു ; ഈ വര്‍ഷം ഇതുവരെ 11 കൊലപാതകക്കേസുകള്‍
തൊടുപുഴ: ഇടുക്കി ജില്ലയില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതു 11 കൊലപാതകക്കേസുകളാണെന്ന് പൊലിസ് പറുന്നു. പിഞ്ചുകുട്ടിയുള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. ബന്ധുക്കളോ, കൊല്ലപ്പെട്ടവരുമായി ഏതെങ്കിലും തരത്തില്‍ അടുപ്പമുള്ളവരോ ആണ് പ്രതിപ്പട്ടികയില്‍ ഏറെയും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഉടുമ്പന്നൂരിന് സമീപം യുവാവ് താമസ സ്ഥലത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം. ഉടുമ്പന്നൂര്‍ അമയപ്ര വള്ളിയാടിയില്‍ വാടകയ്ക്ക് താമസിച്ചുവന്ന തുരുത്തേല്‍ വിഷ്ണു24)വാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കൊലപാതകം നടന്നുവെന്നാണു നിഗമനം. പള്ളിവാസല്‍ രണ്ടാംമൈലില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ ഉളികൊണ്ടുള്ള കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയതു ചൊവ്വാഴ്ച രാത്രിയാണ്. പള്ളിവാസല്‍ രണ്ടാംമൈലിനു സമീപം താമസിച്ചിരുന്ന രാജമ്മ (64), മകള്‍ ഗീത (36) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിവാസല്‍ എസ്റ്റേറ്റ് ആറ്റുകാട് പവര്‍ഹൗസ് ഡിവിഷനില്‍ കെ. പ്രഭു (33) അന്നുരാത്രി തന്നെ പൊലിസില്‍ കീഴടങ്ങിയിരുന്നു.
അറസ്റ്റിലായ പ്രതി, കൊല്ലപ്പെട്ട യുവതിയുടെ മുന്‍ കാമുകനായിരുന്നു. തൊട്ടിലില്‍ കിടക്കുകയായിരുന്ന മൂന്നരമാസം പ്രായമായ പെണ്‍കുഞ്ഞിനെ കതകിന്റെ കട്ടിളപ്പടിയില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റിലായത് ഒരാഴ്ച മുന്‍പാണ്. ജൂലൈ 29നു വൈകിട്ടായിരുന്നു സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. മരിയാപുരം പൂതക്കുഴിയില്‍ വാടകയ്ക്കു താമസിക്കുന്ന അനില്‍ (41) ആണ് മകള്‍ അനാമികയെ കൊലപ്പെടുത്തിയത്. സൂര്യനെല്ലിക്കു സമീപം പിതാവ് മകനെ ലൈസന്‍സില്ലാത്ത നാടന്‍തോക്കുപയോഗിച്ചു വെടിവച്ച് കൊലപ്പെടുത്തിയതു കഴിഞ്ഞമാസമാണ്. മകന്‍ ബിനുവിനെ കൊലപ്പെടുത്തിയ കേസില്‍ സൂര്യനെല്ലി വടക്കുംചേരി അച്ചന്‍കുഞ്ഞ് (55) ആണ് അറസ്റ്റിലായത്. നായാട്ടിനിടെ വണ്ടിപ്പെരിയാര്‍ 55 ാം മൈല്‍ സ്വദേശി ഷാജി രാജമുടിയിലെ സ്വകാര്യ ഏലത്തോട്ടത്തില്‍ വെടിയേറ്റു മരിച്ചത് മൂന്നാഴ്ച മുന്‍പാണ്.
വയോധികന്റെ ജീര്‍ണിച്ച മൃതദേഹം വീടിന്റെ പിന്‍ഭാഗത്തു കമ്പിളിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവം നടന്നതു നാലുമാസം മുന്‍പാണ്. കൂട്ടാര്‍ തിയറ്റര്‍പ്പടിയില്‍ കിഴക്കേക്കര തങ്കച്ചന്റെ (കെ. വര്‍ഗീസ് -82) മൃതദേഹമാണ് കണ്ടെത്തിയത്. മനോദൗര്‍ബല്യമുള്ള ഭാര്യ തങ്കമ്മയാണ് തങ്കച്ചനെ കൊലപ്പെടുത്തിയതെന്നു പൊലിസ് കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം കൂട്ടാറില്‍ ഭാര്യാമാതാവിനെയും ഭാര്യയുടെ മൂത്ത സഹോദരിയെയും യുവാവ് കുത്തിക്കൊന്ന സംഭവം നടന്നതു മാര്‍ച്ച് 31ന് ആണ്.
കൂട്ടാര്‍ ഈറ്റക്കാനം പുത്തന്‍വീട്ടില്‍ ഓമന മുരുകന്‍ (52), മകള്‍ ബീന സുബിന്‍ (27) എന്നിവരാണു കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ഓമനയുടെ ഇളയമകളുടെ ഭര്‍ത്താവും കള്ളുചെത്തു തൊഴിലാളിയുമായ സുജിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. കട്ടപ്പനയില്‍ മകളുടെ വീട്ടിലെത്തിയ ആള്‍ അയല്‍വാസിയുടെ കുത്തേറ്റു മരിച്ചതു മാര്‍ച്ച് 29ന് ആണ്. തിരുവനന്തപുരം പാറശാല തെങ്ങുംമൂട്ടില്‍ ഭാരതി ബാലനാണ് (67) മരിച്ചത്. കട്ടപ്പന അമ്പലപ്പാറയിലുള്ള മരുമകന്‍ കുറുപ്പത്ത് രാജേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ഭാരതി ബാലനു കുത്തേറ്റത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട അമ്പലപ്പാറ കൂടപ്പാട്ട് തങ്കച്ചനെ (ജോസഫ്–58) പൊലിസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
ഒഡീഷക്കാരിയായ തൊഴിലാളി സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം പുല്ലിനിടയില്‍ ഒളിപ്പിച്ച സംഭവമാണ് ഈവര്‍ഷം ജില്ലയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊലപാതകം. കുട്ടിക്കാനം മേക്കുന്നത്തെ ഒരു തേയില എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സബിത(30)യാണു കൊല്ലപ്പെട്ടത്. ജനുവരി ഒന്നിന് അര്‍ധരാത്രിയോടെയാണ് എസ്റ്റേറ്റിലെ കുറ്റിക്കാട്ടില്‍ സബിതയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് എസ്റ്റേറ്റ് തൊഴിലാളികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. മാനഭംഗശ്രമത്തിനിടെയാണു കൊലപ്പെടുത്തിയതെന്നും പൊലിസ് കണ്ടെത്തി. ബീയര്‍ കുപ്പികൊണ്ടു തലയ്ക്കടിയേറ്റ കോളജ് വിദ്യാര്‍ഥി മരിച്ച കേസില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കാളിയാര്‍ പൊലിസ് അറസ്റ്റ് ചെയ്തതാണ് ജനുവരിയില്‍ അരങ്ങേറിയ രണ്ടാമത്തെ സംഭവം. കഴിഞ്ഞ ഫെബ്രുവരി 14ന് ആണ് ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ വെട്ടിക്കൊന്നു കവര്‍ച്ച നടത്തിയത്. മൂന്നാറില്‍നിന്നു 40 കിലോമീറ്റര്‍ അകലെ കണ്ണന്‍ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മൂര്‍ ഡിവിഷനിലെ മണികുമാറിന്റ ഭാര്യ രാജഗുരുവാണ് (41) കൊല്ലപ്പെട്ടത്. ഇവര്‍ ധരിച്ചിരുന്ന 12 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലകള്‍ കാണാതായിട്ടുണ്ട്.
കുടുംബ പ്രശ്‌നങ്ങളും മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവുമെല്ലാമാണ് ജില്ലയില്‍ കൊലപാതകങ്ങള്‍ക്കു പ്രധാനപങ്കു വഹിക്കുന്നത്. വിവാഹേതര ബന്ധങ്ങളും ഭര്‍ത്താവിന്റെ സംശയരോഗവും കൊലപാതകങ്ങള്‍ക്കു വഴിതെളിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവു വരുത്താനാകുമെന്നു പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."