മനിതി സംഘത്തിനെതിരേ തലസ്ഥാനത്തും പ്രതിഷേധം
സംഘത്തെ കയറ്റിവിട്ടത് ഭിന്നശേഷിക്കാര്‍ക്കുള്ള കംപാര്‍ട്ട്‌മെന്റില്‍
തിരുവനന്തപുരം: ശബരിമല ദര്‍ശനം നടത്താനാകാതെ മടങ്ങിയ മനിതി സംഘത്തില്‍പെട്ട മൂന്നുപേര്‍ക്കെതിരേ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് സംഘത്തിലെ വസുമതി, യാത്ര, മീനാക്ഷി എന്നിവര്‍ ഞായറാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെത്തിയിരുന്നു.
മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോകാനായി ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഘത്തിനുനേരെ ബി.ജെ.പി, യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം ഉണ്ടായത്. സുരക്ഷ മുന്‍നിര്‍ത്തി ഭിന്നശേഷിക്കാര്‍ക്കുള്ള ബോഗിയിലാണ് പൊലിസ് ഇവരെ കയറ്റിയത്. ഈ ബോഗിയുടെ കതകുകളും ജനലുകളും പൊലിസ് അടച്ചിട്ടിരുന്നു. ഇത് ചോദ്യംചെയ്തും അവരെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.ബി.ജെ.പി ജില്ലാ സെക്രട്ടറി എസ്. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അസഭ്യം നിറഞ്ഞ വാക്കുകളോടെയായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി. ട്രെയിനിന് മുന്നിലേക്ക് ഇറങ്ങി പ്രതിഷേധിക്കാനും ശ്രമിച്ചിരുന്നു.മനിതി സംഘത്തെ പുറത്തിറക്കണമെന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ നിലപാട്. എന്നാല്‍ പൊലിസ് പ്രതിഷേധക്കാരെ മാറ്റാനും ശ്രമിച്ചില്ല. ട്രെയിന്‍ പോയതിനു ശേഷം പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വികലാംഗരുടെ കംപാര്‍ട്ട്‌മെന്റില്‍ മനിതി പ്രവര്‍ത്തകര്‍ക്ക് യാത്രയൊരുക്കിയ സംഭവത്തില്‍ കാരണക്കാരനായ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമെന്ന് സ്റ്റേഷന്‍ ഡയരക്ടര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."