വാര്‍ത്ത തുണയായി; മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഉപകരണങ്ങളെത്തി
ചേവായൂര്‍: മാധ്യമങ്ങളുടെ ഇടപെടല്‍ തുണയായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സ്റ്റോക്ക് തീര്‍ന്നിരുന്ന ഉപകരണങ്ങളെത്തി.രോഗികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട പല ഉപകരണങ്ങള്‍ ഇല്ലാതെ രോഗികള്‍ ദുരിതമനുഭവിച്ചിട്ടും അധികൃതര്‍ കാണിക്കുന്ന അലംഭാവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.ഗ്ലൂക്കോസ് കയറ്റാനുപയോഗിക്കുന്ന ഐവി സെറ്റ്,ശ്വാസ തടസം നേരിട്ടെത്തുന്ന രോഗിക്ക് നല്‍കേണ്ട ഓക്‌സിജന്‍ മാസ്‌ക്ക്, മൂത്ര സംബന്ധമായ രോഗവുമായെത്തുന്ന രോഗിക്ക് മൂത്രക്കുഴലില്‍ ഘടിപ്പിക്കുന്ന യൂറോ ബാഗ്, കഫക്കെട്ടിന് ആവി പിടിപ്പിക്കുന്ന മാസ്‌ക് എന്നിവയൊന്നും അത്യാഹിത വിഭാഗത്തില്‍ സ്റ്റോക്കുണ്ടായിരുന്നില്ല. ഇത് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. അത്യാഹിത വിഭാഗത്തിലേക്കാവശ്യമായ ഉപകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അപാകതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ലേ സെക്രട്ടറി അടക്കമുള്ള ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്.എന്നാല്‍ ഉത്തരവാദിത്തപെട്ടവരുടെ അലംഭാവമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചില ഡോക്ടര്‍മാരും ജീവനക്കാരും പറയുന്നു. പ്രതിഷേധം ശക്തമായതോടെ ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലോക്കല്‍ പര്‍ച്ചേസിങ്ങിലൂടെ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."