നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി സ്വതന്ത്ര ട്രെയിനാക്കുന്നതിന് അനുമതി
നിലമ്പൂര്‍: തിരുവന്തപുരം-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്രമാക്കുന്നതിനു റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. നിലമ്പൂരില്‍നിന്നു തിരുവനന്തപുരത്തേക്കാണെങ്കിലും നിലമ്പൂരില്‍നിന്നു കൊച്ചുവേളി വരെയും തിരിച്ചുമാണ് രാജ്യറാണി സര്‍വിസ് നടത്തുക.
പുതുവര്‍ഷത്തില്‍ സ്വതന്ത്ര തീവണ്ടിയായി സര്‍വിസ് നടത്തുമെന്നാണ് സൂചന. റെയില്‍വേ മന്ത്രി ഫയലില്‍ ഒപ്പിടുന്നതോടെ 2019 ആദ്യത്തില്‍തന്നെ സര്‍വിസ് നടത്താനാകുമെന്നു പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. നിലവില്‍ നിലമ്പൂരില്‍നിന്നു രാത്രി 8.40നു പുറപ്പെടുന്ന രാജ്യറാണി 10.30ഓടെ ഷൊര്‍ണൂരിലത്തെും. 11.20നു പാലക്കാട്ടുനിന്നുള്ള അമൃതയുമായി കൂട്ടിയോജിപ്പിച്ചാണ് തിരുവനന്തപുരത്തേക്കു സര്‍വിസ് നടത്തുന്നത്.
ഷൊര്‍ണൂരില്‍നിന്ന് അമൃത എക്‌സ്പ്രസിന്റെ 15 കോച്ചുകള്‍ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കുമാണ് ഘടിപ്പിക്കുന്നത്. രാജ്യറാണി സ്വതന്ത്രമാകുന്നതോടെ രാത്രി 10.15നാകും കൊച്ചുവേളിയില്‍നിന്നു നിലമ്പൂരിലേക്കു പുറപ്പെടുക. നിലമ്പൂരില്‍നിന്നു പുറപ്പെടുന്ന രാജ്യറാണി 6.10നാണ് കൊച്ചുവേളിയിലെത്തുക. സ്വതന്ത്ര ട്രെയിനാകുന്നതോടെ കോച്ചുകളുടെ എണ്ണവും വര്‍ധിക്കും. 16കോച്ചുകളില്‍ എ.സി ടു ടയര്‍ 1, എ.സി 3 ടയര്‍ 2, സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ച് 7, ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് 4, എസ്.എല്‍.ആര്‍ 2 എന്നിങ്ങനെയായിരിക്കും രാജ്യറാണിക്കുണ്ടാകുക.
പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ഇടപെടലിലാണ് രാജ്യറാണി സ്വതന്ത്ര ട്രെയിനാക്കുന്നതിനു നടപടിയായത്. റെയില്‍വേ ആക്ഷന്‍ കൗണ്‍സിലും വിവിധ സംഘടനകളും നിവേദനങ്ങള്‍ നല്‍കിയിരുന്നു. മലബാറിലെ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പടെ നൂറുകണക്കിനു യാത്രക്കാര്‍ക്ക് ആശ്വാസകരമാണ് രാജ്യറാണി എക്‌സ്പ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."