വാട്‌സ്ആപ് ശബ്ദസന്ദേശം പുറത്ത്; 'മതിലില്‍ പങ്കെടുത്തോളണം'
മലപ്പുറം: കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും വനിതാ മതിലില്‍ പങ്കെടുക്കണമെന്നും ഇല്ലെങ്കില്‍ പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തുന്ന വാട്‌സ്ആപ് ശബ്ദസന്ദേശം പുറത്ത്. ജില്ലാ കുടുംബശ്രീ അസിസ്റ്റന്റ് കോഡിനേറ്റര്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്നു വ്യക്തമാക്കുന്ന വാട്‌സ്ആപ് സന്ദേശമാണ് പുറത്തായത്.
മലപ്പുറത്ത് ഒരു യോഗത്തില്‍ പങ്കെടുത്ത സി.ഡി.എസ് പ്രസിഡന്റിന്റെ ശബ്ദസന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വനിതാ മതിലില്‍ പങ്കെടുക്കാത്ത അയല്‍കൂട്ടങ്ങള്‍ നിലവില്‍ വേണ്ടെന്നാണ് തീരുമാനമെന്നും അയല്‍ക്കൂട്ടങ്ങള്‍ വഴി നല്‍കുന്ന ലോണുകള്‍ തടയുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിറമരതൂര്‍ പഞ്ചായത്തിലെ സി.ഡി.എസ് പ്രസിഡന്റ് യോഗ വിവരങ്ങള്‍ സഹപ്രവര്‍ത്തകരോട് വാട്‌സ്ആപിലൂടെ പങ്കുവച്ചതാണ് പുറത്തായത്.
വനിതാ മതിലിനു രാഷ്ട്രീയമില്ലെന്നും കുടുംബശ്രീ അംഗങ്ങളെ എത്തിക്കുന്നതിനുള്ള വാഹനങ്ങളുടെ ചെലവടക്കം കുടുംബശ്രീ വഹിക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
ഒരു തുകയും ചെലവഴിക്കില്ലെന്നു മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും മതിലിന് ആളെയെത്തിക്കാനും തിരിച്ചെത്തിക്കാനുമുള്ള മുഴുവന്‍ തുകയും ചെലവഴിക്കുമെന്നാണ് ഈ സന്ദേശത്തില്‍ പറയുന്നത്.
രാമനാട്ടുകര മുതല്‍ പെരിന്തല്‍മണ്ണവരെ മതില്‍ കെട്ടാന്‍ ഏകദേശം 1.80 ലക്ഷം പേരെ പങ്കെടുപ്പിക്കണമെന്നാണ് ജില്ലയ്ക്കു നിര്‍ദേശം ലഭിച്ചിട്ടുള്ളത്.
എന്നാല്‍, ശക്തമായ എതിര്‍പ്പുമായി യു.ഡി.എഫ് രംഗത്തുവന്നതോടെ പരമാവധി ആളെ പങ്കെടുപ്പിച്ചു മതിലില്‍ വിള്ളലുണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് ഇടതു അനുകൂല സംഘടനകള്‍. പലയിടങ്ങളിലും സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തില്‍ പ്രചരണ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
'പ്രചാരണം അടിസ്ഥാനരഹിതം'
മലപ്പുറം: വനിതാ മിതിലില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ അംഗങ്ങളെ നിര്‍ബന്ധിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.കെ ഹേമലത പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ടു രണ്ടു സര്‍ക്കുലറുകളാണ് അയച്ചിട്ടുള്ളത്. ഇതില്‍ രണ്ടിലും നിര്‍ബന്ധമായും പങ്കെടുക്കാന്‍ പറഞ്ഞിട്ടില്ല. ഇതിനു വിരുദ്ധമായി വാട്‌സ്ആപ് സന്ദേശം അയച്ച നിറമരുതൂര്‍ പഞ്ചായത്ത് സി.ഡി.എസ് പ്രസിഡന്റിനോട് അതു തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."