HOME
DETAILS

കാടുകളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവര്‍

  
backup
August 13 2017 | 00:08 AM

125846456162565-2

രാജ്യം സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികങ്ങള്‍ ആഘോഷിക്കുമ്പോള്‍ ആലോചിക്കേണ്ട വിഷയം ഇവിടെ ആരെല്ലാമാണു സ്വതന്ത്രര്‍, ആര്‍ക്കൊക്കെ സ്വാതന്ത്ര്യത്തിന്റെ ഫലങ്ങള്‍ ലഭിക്കുന്നുവെന്നാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് ഭരണകൂടങ്ങള്‍ നടപ്പാക്കുന്ന വിവിധ വികസനപദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും സ്പര്‍ശിക്കാത്ത ഒരു ജനവിഭാഗം അസ്തിത്വം നഷപ്പെട്ട് സമൂഹപരിധിയില്‍നിന്നു പുറന്തള്ളപ്പെട്ടു കഴിയുന്നത്. വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യന്‍ ജനത ഒരിക്കലും തങ്ങളുടെ ഭാഗമായി കാണാതെ പുറത്താക്കിക്കളഞ്ഞ ആദിവാസികള്‍ക്ക് എന്നെങ്കിലും മേല്‍പറഞ്ഞ സ്വാതന്ത്ര്യത്തിന്റെ ഫലം അനുഭവിക്കാനായിട്ടുണ്ടോ?
സ്വാതന്ത്ര്യത്തിനുമുന്‍പ് അധിനിവേശ ഭരണകൂടങ്ങള്‍ ആദിവാസികളോടു കാണിച്ച അതേ മനോഭാവം തന്നെയാണു സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വിവിധ അധികാരി വര്‍ഗങ്ങള്‍ തുടര്‍ന്നുപോരുന്നത് എന്നതാണ് നേര്. ഒരുപക്ഷെ, സ്വാതന്ത്ര്യത്തിനു മുന്‍പത്തെക്കാളും മോശമാണ് ആദിവാസികളുടെ പില്‍ക്കാലത്തെ സ്ഥിതി. ഇന്ത്യയിലെ മുഖ്യധാരാ ഇടങ്ങളില്‍ ആദിവാസി സാന്നിധ്യം കാണാന്‍ കഴിയുന്ന ഇടങ്ങളുണ്ടോ? മുഖ്യധാരയിലേക്കു കടന്നുവരുന്ന അപൂര്‍വം ആദിവാസി സമൂഹത്തെ ഭരണകൂടം എല്ലാ അധികാരങ്ങളും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതായാണു ചരിത്രം.
ഭരണകൂടങ്ങള്‍ വിവിധ സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിര്‍പ്പുകളേതുമില്ലാതെ സ്വീകരിക്കുന്ന പ്രവണതയാണു രാജ്യത്ത് പൊതുവെയുള്ളത്. എന്നാല്‍ ആദിവാസി ജനത സ്വന്തമായി സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു രൂപംനല്‍കി അവകാശ പോരാട്ടം നടത്തുമ്പോള്‍ അത് ഭരണഘടനാ ലംഘനമായി ചിത്രീകരിക്കപ്പെടുന്നു. എന്നുമാത്രമല്ല, ഇത്തരം സാമൂഹിക മുന്നേറ്റങ്ങളെ എല്ലാവിധ അധികാരങ്ങളും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് സ്വതന്ത്ര ഇന്ത്യ ചെയ്തത്. ആദിവാസികള്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന രാഷ്ട്രീയബോധം തങ്ങളുടെ അധികാര ദുര്‍വിനിയോഗങ്ങളെ ചോദ്യം ചെയ്യാന്‍ അവരെ പ്രാപ്തമാക്കിയേക്കുമെന്ന ഭയമായിരിക്കാം ഒരുപക്ഷെ ഇത്തരം ആദിവാസി അടിച്ചമര്‍ത്തലുകള്‍ക്കു പിന്നില്‍. അതിന്റെ എക്കാലത്തെയും മികച്ച കേരളീയ ഉദാഹരണമാണ് 2003ല്‍ മുത്തങ്ങയില്‍ നടന്നത്. രാജ്യത്തെ മറ്റു ജനവിഭാഗങ്ങളെപ്പോലെ ഇവിടത്തെ ഭൂമി തങ്ങള്‍ക്കുംകൂടി അവകാശപ്പെട്ടതാണെന്ന മുദ്രാവാക്യമുയര്‍ത്തി മുത്തങ്ങയില്‍ ഭൂസമരം നടത്തിയ ആദിവാസികളെ വെടിവച്ചായിരുന്നു അന്ന് ഭരണകൂടം വരവേറ്റത്. ഛത്തിസ്ഗഡിലെ ബസ്തറില്‍ കോര്‍പറേറ്റ് ചൂഷണങ്ങള്‍ക്കെതിരേ ആദിവാസി ജനത നടത്തുന്ന അതിജീവന സമരം മറ്റൊരു ഉദാഹരണം. അവിടെ സമരങ്ങള്‍ നയിച്ച ആദിവാസി അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ സോണി സോറിക്കു നേരിടേണ്ടി വന്നത് നിയമയുദ്ധം തന്നെയായിരുന്നു. ആദിവാസികളെ മാത്രമല്ല, ആദിവാസികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മറ്റ് ആളുകള്‍ക്കും രാജ്യത്തിന്റെ പൊതുധാരയില്‍ ഇടമില്ല എന്നു തെളിയിക്കുന്നതാണ് മേധാപട്കര്‍, ബിനായക് സെന്‍ എന്നിവര്‍ക്കു നേരെയുള്ള ഭരണകൂട വേട്ടകള്‍. നിയമ നടപടികള്‍കൊണ്ടാണ് ആദിവാസി സ്വതന്ത്ര പ്രവര്‍ത്തനങ്ങളെ അധികാരിവര്‍ഗം തടയിടുന്നത്.
1947നു ശേഷം ഇന്ത്യയില്‍ ആദിവാസികള്‍ക്കു വേണ്ടി തയാറാക്കിയ മിക്ക പദ്ധതികളും ആദിവാസി സ്വത്വം മനസിലാക്കാതെ രൂപീകരിച്ചവയായിരുന്നു. ആദിവാസികളെ കൂടുതല്‍ അടിമത്വത്തിലേക്കു നയിക്കുകയും സാമൂഹിക വ്യവസ്ഥയില്‍നിന്നു പുറത്താക്കുകയുമാണ് അത്തരം പദ്ധതികള്‍ ചെയ്തത്. അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി, സ്ത്രീസുരക്ഷ എന്നിവയായിരുന്നു ഭരണകൂടങ്ങളുടെ ആദിവാസി പദ്ധതികളില്‍ പ്രധാനപ്പെട്ടവ. ആദിവാസി ഉന്നമനവും അവരെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്തുകയും ലക്ഷ്യംവച്ചാണ് പദ്ധതികള്‍ തുടങ്ങിയതെങ്കിലും അവ നടപ്പില്‍വരുത്താന്‍ ഭരണ സമൂഹം താല്‍പര്യം കാണിച്ചില്ല. എന്നാല്‍, ഇത്തരം പദ്ധതികള്‍ക്കുവേണ്ടി പാസ്സാകുന്ന കോടികളുടെ ഫണ്ടുകള്‍ വീതിച്ചെടുക്കുന്ന കാര്യത്തിലായിരുന്നു അവര്‍ക്ക് തിടുക്കം. ഒരു ജനതയ്ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നല്‍കാതെ അവരെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിവിടുക എന്ന ഒരേയൊരു കാര്യമാണ് വിവിധ നയരൂപീകരണത്തിലൂടെ ഇന്ത്യന്‍ സമൂഹം ആദിവാസികളോടു ചെയ്തത്.


വനം, ഭൂമി വിഭവങ്ങളെ ആശ്രയിച്ചാണു രാജ്യത്തെ ആദിവാസികള്‍ ജീവിക്കുന്നത്. 1971 സെന്‍സസ് പ്രകാരം ഇന്ത്യയിലെ ഭൂരിഭാഗം ആദിവാസി വിഭാഗങ്ങളും വനത്തെ ആശ്രയിച്ചാണു ജീവിക്കുന്നത്. വനവിഭവങ്ങളാണ് അവരുടെ പ്രധാന ജീവിതമാര്‍ഗം. എന്നാല്‍ ഈ മേഖലയില്‍ വേണ്ട പരിരക്ഷ നല്‍കുന്ന ഒരുവിധ നയരൂപീകരണവും നടത്താന്‍ ഭരണകൂടങ്ങള്‍ ഇതുവരെ തയാറായിട്ടില്ല. പകരം, നയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി ആദിവാസി വിഭാഗങ്ങള്‍ക്ക് അപ്രാപ്യമായ തരത്തിലേക്ക് ഈ വിഭവങ്ങളെ മാറ്റുകയാണു സര്‍ക്കാരുകള്‍ ചെയ്തത്. 1865 ബ്രിട്ടീഷുകാര്‍ രൂപംനല്‍കിയ വനനിയമം പ്രധാനമായും നിഷ്‌കര്‍ഷിക്കുന്നത് വനചൂഷണം തടയുക എന്നതായിരുന്നു. രണ്ടായിരാമാണ്ട് എത്തുമ്പോഴേക്കും ഈ നയങ്ങള്‍ പരിഷ്‌കരിച്ച് ആദിവാസികളെ വനവിഭവങ്ങള്‍ ശേഖരിക്കുന്നതില്‍നിന്നു വിലക്കുകയാണു സ്വതന്ത്ര ഇന്ത്യ ചെയ്തത്. അടിസ്ഥാന ജീവിത ഉപാധി തന്നെ നിര്‍ത്തലാക്കി ആദിവാസികളെ സാമൂഹിക ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷരാക്കാനുള്ള കുത്സിതശ്രമമാണ് ഭരണസമൂഹം നടത്തിയത്.
ഭരണകൂടങ്ങള്‍ കാലാകാലങ്ങളായി ആഘോഷിച്ചു കൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ആദിവാസി സമൂഹത്തെ എങ്ങനെ ഇല്ലാതാക്കി എന്നുകൂടെ നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. വന്‍കിട കമ്പനികള്‍ക്ക് ആദിവാസി മേഖലയില്‍ ഖനനം നടത്താന്‍ അനുമതി കൊടുത്താണ് സര്‍ക്കാരുകള്‍ ആദിവാസികളുടെ ജീവിതത്തെ തകര്‍ക്കുന്ന കാര്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ആദിവാസി മേഖലയെ എങ്ങനെ ഖനന കമ്പനികളും സര്‍ക്കാരും ഒത്തുചേര്‍ന്ന് ചൂഷണം ചെയ്തു എന്നതിന്റെ തെളിവാണ് ഒഡിഷയിലെ നിയമഗിരി മലയിലെ വേദാന്ത കമ്പനിയുടെ പ്രവര്‍ത്തനം. വേദാന്ത പ്രവര്‍ത്തനം തുടങ്ങിയതോടെ ഗോണ്ട് വിഭാഗത്തില്‍പെട്ട ആദിവാസികളെ ആ മേഖലയില്‍നിന്ന് അവര്‍ കുടിയൊഴിപ്പിച്ചു തുടങ്ങി. ഏകദേശം നാന്നൂറോളം ഗോണ്ട് കുടുംബങ്ങളാണ് അവിടെ കുടിയൊഴിപ്പിക്കപ്പെട്ടത്. അത് അവരുടെ സാംസ്‌കാരിക ജീവിതത്തെയും ആചാര അനുഷ്ഠാനങ്ങളെയും നിലനില്‍പ്പിനെത്തന്നെയും സാരമായി ബാധിച്ചു.
ആദിവാസി ജീവിതത്തെ കാര്യമായി ബാധിച്ച മറ്റൊരു പ്രധാന വികസന പ്രവര്‍ത്തനം അണക്കെട്ടുകളുടെ നിര്‍മാണമാണ്. ഈ വികസനപദ്ധതികളില്‍ നല്ലൊരു ശതമാനവും ആദിവാസികളെ വ്യാപകമായ കുടിയൊഴിപ്പിക്കലിനു വിധേയമാക്കിയിട്ടുണ്ട്. നര്‍മദയും അതിരപ്പിള്ളിയും അവയില്‍ ചിലതുമാത്രം. സ്വതന്ത്ര ഇന്ത്യയില്‍ ഏകദേശം 3,300ലേറെ അണക്കെട്ടുകള്‍ നിര്‍മിച്ചുവെന്നാണു കണക്കുകള്‍ പറയുന്നത്. ഇവയുടെ നിര്‍മാണത്തോടുകൂടി ഏകദേശം 40 മുതല്‍ 50 ശതമാനം വരെ ആദിവാസി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കലിനു വിധേയരായിട്ടുണ്ട്.


ഇന്ത്യന്‍ ജനതയുടെ രാഷ്ട്രസങ്കല്‍പങ്ങളില്‍ ഒരിക്കലും ഉള്‍പ്പെടാത്തതുകൊണ്ടാണ് ആദിവാസികള്‍ പട്ടിണി കിടന്നു മരിക്കുമ്പോഴും ഭരണകൂടം അവരെ കൊന്നുകളയുമ്പോഴും ആര്‍ക്കും ഒരു അസ്വസ്ഥതയും സൃഷ്ടിക്കാത്തത്. ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചതിന്റെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍, പൊതുസ്ഥലം ഉപയോഗിച്ചതിന്റെ പേരില്‍, വിദ്യാഭ്യാസം നേടിയതിന്റെ പേരിലൊക്കെ ദിനംപ്രതിയെന്നോണം മനുഷ്യജീവന്‍ അറുകൊലക്കിരയാകുന്ന കാലത്ത് പ്രസക്തമായൊരു ചോദ്യമിതാണ്; നിങ്ങള്‍ ആരുടെ സ്വാതന്ത്ര്യമാണ് ആഘോഷിക്കുന്നത് ? സ്വാതന്ത്ര്യം കൊണ്ട് സൃഷ്ടിച്ചെടുത്ത നിയമങ്ങളും നയങ്ങളും ഉപയോഗിച്ച് ആദിവാസികളെ അടിച്ചമര്‍ത്തുകയും ഇല്ലാതാക്കുകയും ചെയ്ത ശേഷം, ഇന്ത്യയില്‍ എല്ലാവരും സ്വതന്ത്രരാണെന്ന് എങ്ങനെയാണു നിങ്ങള്‍ക്ക് പറയാനാകുക?

(ഹൈദരാബാദ് ഇഫ്‌ലുവില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷകനായിരുന്നു വയനാട്ടിലെ ആദിവാസി
സമുദായാംഗം കൂടിയായ ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

'തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...' യു.പിയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി 'തന്ത്രം' ഇങ്ങനെ

National
  •  a month ago