കൊച്ചിയിലെ കള്ളുഷാപ്പുകളില്‍ മ്ലാവിന്റെയും ഉടുമ്പിന്റെയും മാംസം
കൊച്ചി: നഗരത്തിലെ കള്ളുഷാപ്പുകളില്‍ വന്യജീവികളായ മ്ലാവിന്റെയും ഉടുമ്പിന്റെയും മാംസം പിടികൂടി. ഷാപ്പുകളില്‍ സ്‌പെഷല്‍ ഇനമായി ഇത്തരം മാംസങ്ങള്‍ കൊടുക്കുന്നുണ്ടെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ എന്‍.പി.ദിനേശിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ ഉദയംപേരൂര്‍ പടിപ്പുര ഷാപ്പില്‍ ഷാഡോ പൊലിസ് നടത്തിയ റെയ്ഡില്‍ 20 കിലോയോളം മ്ലാവ് ഇറച്ചിയും, ഏഴ് കിലോയോളം തൂക്കമുള്ള ഉടുമ്പിനെ കശാപ്പ് ചെയ്ത നിലയിലും കണ്ടെടുത്തു.
ഷാപ്പ് മാനേജരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. മൂന്നാറിലെ ആനക്കുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതും ആനവേട്ടയടക്കമുള്ള കേസുകളില്‍ പ്രതികളുമായ നായാട്ടുസംഘമാണ് നഗരത്തിലെ ഷാപ്പുകളിലേക്ക് വന്യജീവികളെ എത്തിച്ചിരുന്നത്. നായാട്ട്‌സംഘത്തില്‍ അംഗമായ ചമ്പക്കര സ്വദേശിയായ ഇടനിലക്കാരന്‍ ആണ് നഗരത്തിലെ ഷാപ്പുകളില്‍ വന്യജീവിമാംസം എത്തിച്ചിരുന്നത്. ഇയാള്‍ക്കായി പൊലീസ് തിരിച്ചില്‍ ആരംഭിച്ചു. ഷാപ്പുകളിലെ സ്ഥിരക്കാരായ പ്രമുഖരുടെ ആവശ്യാനുസരണമായിരുന്നു ഓഡറുകള്‍ എടുത്തിരുന്നത്.
കാട്ടുപോത്ത്, കാട്ടുപന്നി, മാന്‍, പെരുമ്പാമ്പ്, തവള തുടങ്ങിയവയുടെ മാംസം കൊണ്ടുള്ള വിഭവങ്ങളും ഇവിടെ വില്‍പന നടത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ക്രൈം ഡിറ്റാച്‌മെന്റ് എ.സി.പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോസംഘം ഒരാഴ്ചയോളം ഷാപ്പുകളില്‍ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു റെയ്ഡ് നടത്തിയത്. ഷാഡോ എസ്.ഐ ഹണി കെ.ദാസ്, ഉദയംപേരൂര്‍ എസ്.ഐ ഷിബിന്‍, എ.എസ്.ഐ നിസാര്‍, സി.പി.ഒമാരായ ഹരിമോന്‍, അഫ്‌സല്‍, സാനുമോന്‍, വിശാന്‍, സാനു, അനില്‍, ശ്യാം, സുനില്‍, ഷൈമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."