പ്രളയത്തിന്റെ സ്മരണയില്‍ പ്രത്യാശയുടെ പുല്‍കൂടൊരുക്കി കുമ്പളങ്ങാട് പള്ളി
വടക്കാഞ്ചേരി: കടന്ന് പോയ പെരും പ്രളയത്തിന്റെ ദുരിതങ്ങളകന്ന് പ്രത്യാശയുടെ നവകേരള പുനര്‍നിര്‍മാണത്തിന് ഉതകുന്ന ആശയവുമായി കുമ്പളങ്ങാട് ദേവാലയത്തില്‍ നിര്‍മിച്ച ഭീമന്‍ പുല്‍ക്കൂട് കൗതുകക്കാഴ്ചയാവുന്നു. വേങ്ങാട്ടില്‍ ഡെന്നിയെന്ന കലാകാരനാണ് കുമ്പളങ്ങാട്ട് വിശുദ്ധ യൂദാ തദ്ദേവൂസ് ദേവാലയ അങ്കണത്തില്‍ ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുല്‍ക്കൂട് പള്ളിക്കും നാടിനുമായി സമര്‍പ്പിച്ചത്. കരകൗശല നിര്‍മാണത്തില്‍ പ്രാവീണ്യമുള്ള ഡെന്നി വെള്ളത്തില്‍ കിടക്കുന്ന വലിയ തോണിയിലാണ് പുല്‍ക്കൂട് ഒരുക്കിയിട്ടുള്ളത്. താഴെ ജലാശയവും തൊട്ടടുത്ത് ഒരു കൊച്ചു പള്ളിയും കാലിത്തൊഴുത്തുമെല്ലാം മനോഹരമായ രീതിയില്‍ ഡെന്നിയുടെ കരവിരുതില്‍ ഒരുക്കിയിട്ടുണ്ട്. പൂല്‍ക്കുടിന്റെ പുറകില്‍ ക്രമീകരിച്ച വെള്ളരിപ്രാവുകളും നക്ഷത്രങ്ങളും ശില്‍പങ്ങളും പല വര്‍ണത്തിലുള്ള എല്‍.ഇ.ഡി ബള്‍ബുകളും കൂടുതല്‍ മനോഹാരിത പകരുന്നു. പള്ളിയിലേക്കു വേണ്ടി പണികഴിപ്പിച്ച പുല്‍ക്കൂട് നാട്ടിലെ മുഴുവന്‍ വിശ്വാസികള്‍ക്കും തികച്ചും അഭിമാനകരമാണെന്ന് സമര്‍പ്പണച്ചടങ്ങില്‍ വികാരി ഫാ: പോള്‍ ആലപ്പാട്ട് പറഞ്ഞു. സെക്രട്ടറി സന്തോഷ് തൈക്കാടന്‍, സെബാസ്റ്റ്യന്‍ കുറ്റിക്കാടന്‍, കൈക്കാരന്‍മാരായ ഡേവിസ് പാണേങ്ങോടന്‍, ജോണ്‍സണ്‍ കുന്നംപിള്ളി, ഷാജി തലക്കോടന്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."