നവാസ് ശരീഫിനെ ലാഹോറിലെ ജയിലിലേക്ക് മാറ്റി
ഇസ്ലാമാബാദ്: അഴിമതി കേസില്‍ ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ ലാഹോറിലെ കോ ലാക്പത് ജയിലിലേക്ക് മാറ്റി. കോടതി വിധിക്ക് പിന്നാലെ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് കൊണ്ടുവന്ന ശരീഫിനെ ചൊവ്വാഴ്ചയാണ് ലാഹോറിലെ ജയിലിലേക്ക് മാറ്റിയത്.
ശാരീരിക പരിശോധനകള്‍ നടത്തിയതിന് ശേഷം ശക്തമായ സുരക്ഷയോടെയാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. അല്‍ അസീസിയ സ്റ്റീല്‍ മില്‍ അഴിമതി കേസിലാണ് നവാസ് ശരീഫിനെ അഴിമതി വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. ശാരീരിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി നവാസ് ശരീഫിന് അഡിയാല ജയിലിന് പകരമായി ലാഹോര്‍ ജയിലിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
നവാസ് ശരീഫിന്റെ ഡോക്ടറും കുടുംബാംഗങ്ങളും താമസിക്കുന്നത് ലാഹോറിലാണ്. അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ശരീഫിന് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ അനുമതി നല്കി. ടി.വി, പത്രങ്ങള്‍ എന്നിവക്കു പുറമെ ടേബിള്‍, കസേര, കിടക്ക എന്നിവയാണ് നല്‍കുക.
നവാസ് ശരീഫിനെ കാണാനായി പാകിസ്താന് മുസ്ലിം ലീഗ്- നവാസ് പാര്‍ട്ടിയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ലാഹോര്‍ ജയിലിന് പുറത്ത് ഒരുമിച്ചുകൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."