കൈതക്കലില്‍ വീണ്ടും കാട്ടാനയെത്തി; ജനം ഭീതിയില്‍
കൈതക്കല്‍: ജനങ്ങളെ ഭീതിയിലാക്കി പനമരം-കൈതക്കലില്‍ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാവിലെ ആറരയോടെ പനമരം ടൗണിന് ഒരു കിലോമീറ്റര്‍ അകലെ കൈതക്കല്‍ ഡിപ്പോ ഇറക്കത്തിലെ കടന്നോളി സുബൈറിന്റെ വീടിന്റെ പിറകുവശത്താണ് കാട്ടാന എത്തിയത്.
വീടിന്റെ ചുറ്റുമതിലും സമീപത്തെ ഇഞ്ചി, കവുങ്ങ് തുടങ്ങിയവും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ഡിപ്പോയിറക്കത്തിലൂടെ ആര്യന്നൂര്‍ സന്ധ്യ ടാക്കീസിന്റെ എതിര്‍വശത്തുള്ള വയലിലേക്കിറങ്ങുകയായിരുന്നു. ഇതിനിടെ മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ലോറിക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായി. പനമരം ടൗണില്‍ നിന്നും 500 മീറ്റര്‍ മാത്രം ദൂരത്തുള്ള വയലില്‍ കാട്ടാന എത്തിയതറിഞ്ഞ് ടൗണിലുണ്ടായിരുന്ന ജനങ്ങള്‍ ആര്യന്നൂര്‍ റോഡില്‍ കൂട്ടമായെത്തി. വനം വകുപ്പ് പിന്നീട് വാഹനത്തിലെ മൈക്കിലൂടെ അനൗണ്‍സമെന്റ് ചെയ്താണ് ജനങ്ങളെ ഒഴിപ്പിച്ചത്.
ആളുകളുടെ ബഹളവും മൈക്കിന്റെ ശബ്ദവും കേട്ടതോടെ കാട്ടുകൊമ്പന്‍ വയലിലൂടെ പരക്കം പാഞ്ഞു. ഇതിനിടെ മാനന്തവാടി റോഡിലേക്ക് കയറാനും ശ്രമമുണ്ടായി. ഇതോടെ റോഡില്‍ നില്‍ക്കുകയായിരുന്നവര്‍ ചിതറിയോടി.
രാവിലെ 9.45 ഓടെ മാനന്തവാടി റോഡിലേക്ക് കയറിയ ആന പരകുനി റോട്ടിലൂടെ നടന്ന് പത്തുമണിയോടെ പരക്കുനി വയലില്‍ നിന്ന് നീര്‍വാരത്ത് നിന്ന് കബനി പുഴ കടന്ന് വനത്തിലേക്ക് പോകുകയായിരുന്നു. ഈ സമയം വയലില്‍ ജോലി ചെയ്യുകയായിരുന്നവരും മറ്റും ആനയുടെ സാന്നിധ്യമറിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയത് അപകടങ്ങള്‍ ഒഴിവാക്കി.
കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നാം തവണയാണ് കൈതക്കലില്‍ കാട്ടാന എത്തുന്നത്. നെയ്കുപ്പ വനത്തില്‍ നിന്നാണ് പ്രദേശത്തേക്ക് കാട്ടാനകളെത്തുന്നത്. ഇതോടെ വനാര്‍ത്തിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."