ജിഷ്ണു കേസ് അന്വേഷണം ഉടന്‍ ഏറ്റെടുക്കണം മാതാപിതാക്കള്‍ സി.ബി.ഐക്ക് കത്തയച്ചു
നാദാപുരം: പാമ്പാടി നെഹ്റു കോളജില്‍ ആത്മഹത്യചെയ്ത ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ സി.ബി.ഐക്ക് കത്തയച്ചു. കേസന്വേഷണം വേഗത്തില്‍ ഏറ്റെടുത്ത് കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ആവശ്യം പരിഗണിച്ച കോടതി സി.ബി.ഐയോട് വിശദീകരണം തേടി. തുടര്‍ന്ന് കേസ് പഠിക്കാന്‍ നാലാഴ്ചത്തെ സാവകാശം സി.ബി.ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നില്ല. ഇതിനേത്തുടര്‍ന്നാണ് പിതാവ് അശോകനും മാതാവ് മഹിജയും സി.ബി.എക്ക് കത്തെഴുതിയത്. കേസ് അന്വേഷിച്ച കേരളാ പൊലിസിനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് നേരത്തേ കുടുംബം ഉന്നയിച്ചിരുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് പൊലിസ് നടത്തിയിരുന്നതെന്നും ജിഷ്ണുവിന്റേതായി പുറത്തുവന്ന ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നും കുടുംബം പറഞ്ഞിരുന്നു.
പൊലിസിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഇപ്പോഴും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ദിവസം കഴിയുന്തോറും തെളിവുകള്‍ ഇല്ലാതാകുമെന്നും ഇവര്‍ പറഞ്ഞു. പ്രതികള്‍ക്ക് തമിഴ്നാട്ടിലും സ്വാധീനമുള്ളതിനാല്‍ കേസന്വേഷണം അങ്ങോട്ടേക്കും വ്യാപിപ്പിക്കണമെന്നും കത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."