എട്ടാംക്ലാസ് വരെയുളള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂനിഫോം
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍ക്കാര്‍ സൗജന്യമായി യൂനിഫോം നല്‍കും. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്കാണ് കൈത്തറി യൂനിഫോമുകള്‍ നല്‍കുക. ഇതിനായുള്ള വിശദാംശങ്ങള്‍ നല്കാന് വിദ്യാഭ്യാസവകുപ്പിനെയും സ്കൂളുകള്‍ക്കാവശ്യമായ മോഡലുകള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ വിദ്യാഭ്യാസ, വ്യവസായ വകുപ്പുകളെയും ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൈത്തറിമേഖലയുടെ സംരക്ഷണവും പുനരുദ്ധാരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 25 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് അടുത്ത അധ്യയനവര്‍ഷം മുതല്‍ സൗജന്യ യൂനിഫോം നല്‍കുന്നത്. ഇതിന് പ്രതിവര്‍ഷം 1.30 കോടി മീറ്റര്‍ തുണി ആവശ്യമാണ്.
നിലവില്‍ പട്ടികവിഭാഗങ്ങള്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് സര്‍ക്കാര്‍ സൗജന്യമായി യൂനിഫോം നല്‍കിയിരുന്നത്. ഒരു കുട്ടിക്ക് 400 രൂപവീതം സ്കൂളിന് പണം അനുവദിക്കുകയാണ് പതിവ്.
എന്നാല്‍ കേരളത്തിലെ കൈത്തറിമേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."